കാസർകോട്: മംഗളൂരുവിൽ വിദഗ്ദ്ധ ചികിത്സ കിട്ടാതെ കേരള അതിർത്തിയിലെ ഒരു രോഗി കൂടി മരിച്ചു. ഇതോടെ അതിർത്തികൾ കർണാടക അടച്ചുപൂട്ടിയത് കാരണം മരണപ്പെട്ട മലയാളികളുടെ എണ്ണം 13 ആയി. കർണാടകയിലെ സുള്യയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാസർകോട് സ്വദേശി കഴിഞ്ഞദിവസം മരിച്ചിരുന്നു. ഉപ്പള ഗേറ്റിനടുത്ത് താമസിക്കുന്ന അബ്ദുൽ സലീം (68) ആണ് ഇന്നലെ രാത്രി മരിച്ചത്. ഹൃദയസംബന്ധമായ അസുഖം കാരണം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു. 2 ദിവസം മുമ്പ് ചികിത്സക്കായി കർണാടകത്തിലേക്ക് പോകുമ്പോൾ അതിർത്തിയിൽ പൊലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു. അതിനുശേഷം ഓക്സിജൻ കിറ്റ് സംഘടിപ്പിച്ച് വീട്ടിൽതന്നെ താത്കാലിക ഐ.സി.യു ഒരുക്കി ചികിത്സ നടത്തിവരികയായിരുന്നു സലീം. എന്നാൽ ഇതിനിടയിൽ അസുഖം മൂർച്ഛിക്കുകയും ഇന്നലെ രാത്രി മരണം സംഭവിക്കുകയുമായിരുന്നു.
അതിനിടെ കർണാടക അതിർത്തിയിൽ രണ്ട് സംസ്ഥാനങ്ങളും ചേർന്ന് മെഡിക്കൽ സംഘത്തെ നിയോഗിക്കുകയും നിയന്ത്രണങ്ങളിൽ നേരിയ ഇളവ് അനുവദിക്കുകയും ചെയ്തുവെങ്കിലും അതൊന്നും മലയാളികളായ ഗുരുതര രോഗം ബാധിച്ച രോഗികൾക്ക് പ്രയോജനം ചെയ്യുന്നില്ല എന്നാണ് ആക്ഷേപം. രണ്ടു സർക്കാരിന്റെയും മെഡിക്കൽ സംഘം പരിശോധന നടത്തി ഇന്നലെ അതിർത്തി കടത്തി വിട്ട മൂന്ന് രോഗികളിൽ രണ്ടുപേരും കർണാടകയിൽ വിദഗ്ദ്ധ ചികിത്സ കിട്ടാതെ തിരിച്ചു വന്നു. മൂന്നാമത്തെ രോഗിയും ഇന്ന് തിരിച്ചു വരും എന്നാണ് പറയുന്നത്.
കാസർകോട് തളങ്കരയിലെ തസ്ലീമ, കണ്ണൂർ പഴയങ്ങാടിയിലെ റെനീഷ എന്നിവരാണ് മംഗളൂരുവിലെ ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാത്തതിനാൽ ഇന്നലെ തന്നെ മടങ്ങിയത്. കേരളത്തിൽ നിന്നുള്ള രോഗികൾ ആണെന്നറിഞ്ഞപ്പോൾ കർണാടകയിലെ ആശുപത്രികൾ തീരെ പരിഗണിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്. മണിക്കൂറുകൾ ആശുപത്രിക്ക് മുമ്പിൽ കാത്തിരുന്ന ശേഷമാണ് ഇവരുടെ മടക്കം. നേരത്തെ വിദഗ്ദ്ധ ചികിത്സ നടത്തിക്കൊണ്ടിരുന്ന ആശുപത്രികളിലേക്ക് കർണാടകയിലെ ആരോഗ്യവകുപ്പ് അധികൃതർ മലയാളി രോഗികളെ അയക്കുന്നില്ല. ദേർളക്കട്ടയിലെ ഒരു മെഡിക്കൽ കോളേജിൽ മാത്രമാണ് മലയാളി രോഗികൾക്ക് ചികിത്സ അനുവദിക്കുന്നത്.
കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ രോഗികളെ സംബന്ധിച്ചിടത്തോളം വിദഗ്ദ്ധ ചികിത്സയ്ക്ക് ദൂര കൂടുതൽ കാരണം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കോ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്കോ പോകാൻ കഴിയാത്ത ദുരവസ്ഥയുമുണ്ട്. അവർക്ക് ഏറ്റവും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന സ്ഥലം മംഗളൂരു തന്നെയാണ്. ഈയൊരു കാരണമാണ് ചികിത്സ കിട്ടാതെ നിരവധി പേർ മരിക്കാനിടയാകുന്നതും.