doctor

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് മൂന്ന് മരണം. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കൊവിഡ് ബാധിതനായ ഡോക്ടർ മരിച്ചു. രാജ്യത്താദ്യമായാണ് ഒരു ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ജാർഖണ്ഡിൽ സംസ്ഥാനത്തെ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. ബൊക്കാറോയില്‍ 75കാരനാണ് മരിച്ചത്.

കുടുംബാംഗങ്ങളിൽ നിന്നാണ് ഇയാൾക്ക് രോഗം പകർന്നത്. പഞ്ചാബിലെ ജലന്തറിൽ 59കാരൻ മരിച്ചു. ഇതോടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെയെണ്ണം 169 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 540 പേർക്ക് രോഗം കണ്ടെത്തി. ഇതുവരെ 5,734 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 473 പേർ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഡൽഹി കാൻസർ ആശുപത്രിയിൽ ഒരു ഡോക്ടറും നഴ്സുമടക്കം മൂന്ന് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ 20 കൊവിഡ്‌ വ്യാപന മേഖലകൾ സീൽ ചെയ്തു. ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച ചർച്ചകൾക്കായി കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും.