covid

കണ്ണൂർ: കൊവിഡ് 19 കാലത്ത് അനാവശ്യ ജോലികളുടെ ഭാരമേറി സംസ്ഥാനത്തെ പൊലീസുകാർ കടുത്ത മാനസിക സമ്മർദ്ദത്തിൽ. വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നതിനിടെ ഓരോ ദിവസവും പല തവണ വിവരങ്ങൾ ആവശ്യപ്പെട്ട് മുകളിൽ നിന്നുള്ള പീഡനമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. എത്ര കേസുകൾ രജിസ്റ്റർ ചെയ്തു, ഇതിന്റെ ചുരുക്കം, എത്ര വീടുകൾ സന്ദർശിച്ചു, എത്ര രോഗികൾ പുതുതായുണ്ട്, അറസ്റ്റ് എത്ര, പിടിച്ച വാഹനങ്ങളുടെ എണ്ണം എത്ര എന്നിങ്ങനെ സമാനമായ ചോദ്യാവലിയാണ് എട്ടോളം തവണ തിരിച്ചും മറിച്ചും ചോദിക്കുക.

ഒരു മണിക്കൂറിനകം മറുപടി നൽകണമെന്ന് നിർബന്ധം പിടിക്കുമ്പോൾ മറ്റ് ജോലിയ്ക്കിടെ ഇവർ ആകെ വലയും. ആരോഗ്യ വകുപ്പ് വഴി ലഭിക്കുന്ന വിവരത്തിന് പോലും തങ്ങളെ എന്തിനാണ് ഉപദ്രവിക്കുന്നതെന്ന പരിഭവം ഉള്ളിലുണ്ടെങ്കിലും അച്ചടക്ക നടപടി പേടിച്ച് ആരും മിണ്ടാറില്ല. ഏറ്റവും ഒടുവിൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നഴ്സിംഗ് അടക്കമുള്ള കോഴ്സ് കഴി‌ഞ്ഞ പൊലീസുകാർ ഉണ്ടെങ്കിൽ അതിന്റെ വിവരവും തേടിയിട്ടുണ്ട്. ഇനി അതെന്ത് പൊല്ലാപ്പാണ് ഉണ്ടാക്കുകയെന്ന് ഇവർ ചോദിക്കുന്നു. ഒരു ദിവസം ഇരുപതോളം കേസ് രജിസ്റ്റർ ചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ രാവിലെയെത്തുന്ന ജി.ഡി ചുമതലക്കാരന് പിറ്റേന്ന് ഉച്ചയ്ക്കാണ് പണി പൂർത്തിയാക്കാൻ കഴിയുന്നത്. സമയവും സാക്ഷിമൊഴിയും ഒക്കെ ചേർത്ത് ഓരോ മുഴുവൻ പേജ് സീസർ മഹസർ എഴുതി തയ്യാറാക്കി വലയുന്നുമുണ്ട്.

സാമൂഹിക അകലം പാലിക്കണമെന്ന് പറയുമ്പോഴും നിയമം നടപ്പാക്കേണ്ട പൊലീസുകാരന്റെ തട്ടകത്തിൽ ഇതൊക്കെ വെറും പ്രഹസനമാണ്. പിടിയിലാകുന്നവരുടെ ജാമ്യക്കാരടക്കം അൻപതോളം പേർ സ്റ്റേഷനിൽ കയറിയാൽ ആകെ ദുരിതത്തിലാകും. കണ്ണൂർ പഴയങ്ങാടി സ്റ്റേഷനിലൊക്കെ വരുന്നതിൽ കൊവിഡ് ബാധിതരും ഉണ്ടാകാമെന്നാണ് പൊലീസിന്റെ ഭയം. തെരുവിൽ നിയമം ലംഘിച്ച് ഇറങ്ങുന്നവരെ യാതൊരു മുൻകരുതൽ ഇല്ലാതെ പരിശോധിക്കുന്നതും ആശങ്കയാകുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 338 പൊലീസുകാർ നിരീക്ഷണത്തിലായതും ഇതോട് ചേർത്ത് വായിക്കണം. രോഗികൾ അല്ലെങ്കിലും ഇവർ രോഗികളുമായി ബന്ധപ്പെട്ടതാണ് ആശങ്കയാകുന്നത്.