kaumudy-news-headlines

1. കേരളത്തിന് പ്രതീക്ഷ പകര്‍ന്ന് സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തോത് കുറയുന്നു. പുതിയ രോഗികളുടെ എണ്ണത്തില്‍ ഒരാഴ്ചയായി വന്‍ വര്‍ധന ഒഴിവായപ്പോള്‍ ആറ് ജില്ലകളില്‍ രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു. 30,000 ഏറെ പേരെ നിരീക്ഷണ പരിധിയില്‍ നിന്നൊഴിവാക്കി. മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ നമ്പര്‍ വണ്‍ ആണ്. കാസര്‍കോട്ടെ കണക്കുകള്‍ പേടിപ്പിച്ചെങ്കിലും ലോക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കി സമൂഹ വ്യാപനമെന്ന വിപത്ത് ഇതുവരെ തടഞ്ഞു. രണ്ടു പേരുടെ ജീവന്‍ പൊലിഞ്ഞെങ്കിലും മരണ നിരക്ക് രാജ്യത്ത് ഏറ്റവും കുറവ്. മറ്റ് ലോക രാജ്യങ്ങളില്‍ പ്രായമായവരെ മരണത്തിന് വിട്ടുകൊടുമ്പോള്‍ 93 കാരന്‍ തോമസും 88 കാരി മറിയാമ്മയും കോട്ടയം മെഡിക്കല്‍ കോളജിന്റെ പടിയിറങ്ങി. ആശ്വസിക്കാറായിട്ടില്ല എങ്കിലും പ്രതിരോധത്തിന്റെ കേരള മോഡല്‍ ലോകമെങ്ങും ചര്‍ച്ചയാവുക ആണ്


2. അതിനിടെ, കണ്ണൂരില്‍ ഗുരുതര അവസ്ഥയിലുള്ള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്റെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്. ഇവരില്‍ ഒരാള്‍ പതിനൊന്ന് വയസു കാരനാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത് വഴി കൊവിഡ് സ്ഥിരീകരിച്ച മാടായി സ്വദേശി നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ മൂന്ന് ദിവസമായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന 81 വയസുകാരന് രോഗം ബാധിച്ചത് വിദേശത്ത് നിന്നെത്തിയ പേരക്കുട്ടിയില്‍ നിന്നാണ്. രോഗം സ്ഥിരീകരിച്ച മാടായി സ്വദേശി തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മാര്‍ച്ച് പത്തിന് ട്രെയിനിലാണ് തിരിച്ചെത്തിയത്. ഇയാള്‍ പിന്നീട് കണ്ണൂരില്‍ പലസ്ഥലങ്ങളിലും യാത്ര ചെയ്തു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക ദുഷ്‌കരമാകും എന്ന് ജില്ലാ ഭരണകൂടം
3. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 268 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 14,136 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മൂന്നാറില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. നിര്‍ദ്ദേശം ലംഘിച്ച് കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്ക് എതിരെ കേസെടുക്കും. നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്ന് പതിവായതോടെ ആണ് ജില്ലാ ഭരണ കൂടത്തിന്റെ കര്‍ശന നടപടി. അവശ്യ സാധനങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുമ്പ് സാമൂഹ്യ അകലം പാലിച്ച് വാങ്ങണം. അതിന് ശേഷം മാര്‍ച്ച് 16 വരെ മെഡിക്കല്‍ സ്റ്റോറും പെട്രോള്‍ പമ്പുകളും ഒഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കില്ലെന്നും ഭരണകൂടം അറിയിച്ചു
4. രണ്ട് കണ്ടെയിനറുകളില്‍ ആയി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പഴകിയ മത്സ്യം അമരവിള ചെക് പോസ്റ്റില്‍ പിടികൂടി. 26 ടണ്‍ മത്സ്യങ്ങളാണ് പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് പിടികൂടിയത്. കണ്ടെയിനറില്‍ ഉണ്ടായിരുന്നത് അഴുകിയ മത്സ്യമാണ് എന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പഴകിയ മീനുകള്‍ വില്‍ക്കുന്നത് വ്യാപകം ആകുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 43,000 കിലോയില്‍ അധികം മീനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. എറണാകുളം വൈപ്പിനില്‍ ഇന്നലെ പുലര്‍ച്ചെ പിടികൂടിയ 4030 കിലോയിലേറെ വരുന്ന മത്സ്യത്തിന് ചുരുങ്ങിയത് ഒരു മാസത്തെ പഴക്കമെങ്കിലും ഉണ്ടെന്നാണ് കരുതുന്നത്. തൃശ്ശൂരില്‍ നിന്നും 1700 കിലോയും കണ്ണൂരില്‍ നിന്ന് 1300 കിലോ പഴകിയ മീനുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. പഴകിയ മീനെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് കൂടത്തായിയില്‍ മീന്‍ സംഭരണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടി സീല്‍ ചെയ്തു. ശനിയാഴ്ച്ച തുടങ്ങിയ ഓപ്പറേഷന്‍ സാഗര്‍ റാണി വരും ദിവസങ്ങളിലും ശക്തമാക്കാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം.
5. കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതു ഫലം കാണാതെ പോകുക ആയിരുന്നു. രണ്ടു ദിവസം മുമ്പാണ് അബ്ദുള്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തിയില്‍ വച്ച് കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ ആശുപത്രിയില്‍ എത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.
6.മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ മൂന്ന് രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സി ക്‌ളോറോക്വിന്‍ നല്‍കാനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചു. യു.എസിനെ കൂടാതെ, സ്‌പെയിന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ക്ക് മരുന്ന് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഈ മൂന്ന് രാജ്യങ്ങളും നേരത്തെ തന്നെ മരുന്ന് ആവശ്യപ്പെട്ടിട്ടുണ്ട് ആയിരുന്നു. കൊവിഡ് 19ന്റെ വെല്ലുവിളിയെ നേരിടാനുള്ള പ്രധാന ആയുധമായാണ് മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്‌ളോറോക്വിനെ അമേരിക്ക കാണുന്നത്. ഇന്ത്യയാണ് ഹൈഡ്രോക്സി ക്‌ളോറോക്വിന്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യം. നേരത്തെ, കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് മരുന്നുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്ത്യ നീക്കിയത്.
7. കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രധാനമന്ത്രി മെഡിക്കല്‍ ടീമിനോട് സംസാരിച്ചെന്നും ബ്രിട്ടന്‍ ധനമന്ത്രി വ്യക്തമാക്കി. അതിനിടെ, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു. ഇന്നലെ മാത്രം 938 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. 7097 പേരാണ് ആകെ മരിച്ചത്. ഇതോടെ, ബ്രിട്ടനിലെ ലോക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് സൂചന. തുര്‍ച്ചയായി കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഒഴിവാക്കുന്നതിനെ പറ്റി ചിന്തിക്കേണ്ടെന്നാണ് അദികൃതരുടെ തീരുമാനം. ബ്രിട്ടനില്‍ സ്ഥിതി ഗുരുതരം ആകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി
8.ലോകത്ത് കൊവിഡ്19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നു. 88,323 പേരാണ് ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും കടന്നു. 15,08,965 ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 3,29,632 പേര്‍ മാത്രമാണ് രോഗ വിമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 6,287 പേരാണ് മരിച്ചത്. അമേരിക്കയില്‍ കൊറോണ വൈറസ് ശരവേഗത്തില്‍ വ്യാപിക്കുക ആണ്. 24 മണിക്കൂറിനിടെ 31,070 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്തിലെ തന്നെ കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4,34,062 ആയി. 1,926 പേരാണ് 24 മണിക്കൂറിനിടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ അമേരിക്കയില്‍ വൈറ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14,774 ആയി. സ്‌പെയിനില്‍ 747 പേരും ഇറ്റലിയില്‍ 542 പേരും രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു
9.. യമനില്‍ ഹൂതി വിമതരുമായുള്ള പോരാട്ടത്തിന് രണ്ടാഴ്ചത്തേക്ക് സൗദി സഖ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മിസൈല്‍ ആക്രമണം നടത്തി ഹൂതികള്‍. വടക്കന്‍ യമനിലെ മാരിബ് നഗരത്തിലാണ് ഹൂതികള്‍ ബാലസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്ന മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് ഹൂതികളുടെ പ്രകോപനം. സൗദി സ്റ്റേറ്റ് ടെലിവിഷനാണ് ഇതു സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. യമന്‍ തലസ്ഥാന നഗരമായ സനയില്‍ നിന്ന് 120 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ആക്രമണം നടന്ന മാരിബ് നഗരം. ഇന്ന് രാത്രി മുതലാണ് സൗദി സഖ്യം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്. കാറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാ തരത്തിലുള്ള ശത്രുതയും പോരാട്ടങ്ങളും അവസാനിപ്പിച്ച് വൈറസിനെ നേരിടണമെന്നുള്ള ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം കണക്കിലെടുത്താണ് വെടിനിര്‍ത്തല്‍ തീരുമാനം