km-mani

കെ.എം. മാണി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. കേരളം കണ്ട ഏറ്റവും മികച്ച ധനകാര്യ മന്ത്രിമാരിൽ ഒരാളായിരുന്നു അദ്ദേഹം എന്നതിൽ സംശയമില്ല. ഈ അവസരത്തിൽ കെ.എം മാണിയെ അനുസ്‌മരിക്കുകയാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ. പ്രളയാനന്തര കേരളത്തിന് വേണ്ടിയിരുന്നത് മാണിസാറിനെ പോലെ കർമശേഷിയും കാര്യ പ്രാപ്തിയും ഉള്ള ധനകാര്യ മന്ത്രിയെ ആയിരുന്നുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

മാണി സാർ ഓർമയായിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്.കേരളം കണ്ട ഏറ്റവും മികച്ച ധനകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. 13 തവണ യാണ് സംസ്ഥാന ബജറ്റ് അദ്ദേഹം അവതരിപ്പിച്ചത്. കാരുണ്യ പദ്ധതി പാവപ്പെട്ട ജനവിഭാഗത്തോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യത്തിന്റെ കരുതലായിരുന്നു. പ്രളയാനന്തര കേരളത്തിന് വേണ്ടിയിരുന്നത് മാണിസാറിനെ പോലെ കർമശേഷിയും കാര്യ പ്രാപ്തിയും ഉള്ള ധനകാര്യ മന്ത്രിയെ ആയിരുന്നു. പ്രളയത്തെ തുടർന്ന് ജീവിക്കാൻ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് മേൽ പ്രളയ സെസ് അടിച്ചേൽപിക്കുന്ന ധനകാര്യ മന്ത്രിയാണ് ഇന്ന് നമ്മുക്കുള്ളത്. ഓരോ ബജറ്റിലും കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുമായി എന്തെങ്കിലും പുതിയ പദ്ധതികൾ മാണി സാർ പ്രഖ്യാപിക്കും .ഇന്നത്തെ പോലെ പാക്കേജുകളായിരുന്നില്ല അവയെല്ലാം. നടപ്പിലാക്കാൻ സാധിക്കുന്ന പ്രഖ്യാപനങ്ങൾ മാത്രമേ മാണിസാർ അവതരിപ്പിക്കുകയുള്ളു.

കാരുണ്യ ലോട്ടറി യിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് നടപ്പാക്കിയ കാരുണ്യ പദ്ധതി മാണി സാറിന്റെ ധനകാര്യ മാനേജ്‌മെന്റ് വൈദഗ്ധ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്. 1965 മുതൽ തന്നെ ജയിപ്പിക്കുന്ന പാലക്കാരോട് അദ്ദേഹത്തിന് പ്രത്യേക കരുതൽ തന്നെ ഉണ്ടായിരുന്നു.പാലയിൽ അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾ അനിതരസാധാരണമായിരുന്നു.മാണിസാറിന്റെ ബജറ്റിനെ കുറിച്ച് യശ്ശ: ശരീരനായ ഡോ.ഡി. ബാബുപോൾ എന്നോട് പങ്ക് വച്ചത് ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു. മാണി സാറിന്റെ ധനവകുപ്പിന്റെ സെക്രട്ടറിയായിരുന്നു ബാബു പോൾ .ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേ ദിവസം മാണിസാർ ബാബു പോളിനോട് ചോദിച്ചു: ബാബു, പാലയിൽ ഇനി എന്താണ് നമ്മൾ ചെയ്യാനുള്ളത്. പരമരസികനായ ബാബു പോളിന്റെ മറുപടി ഇങ്ങനെ: മാണിസാർ, ഇനി പാലയിൽ പ്രഖ്യാപിക്കാൻ ഭ്രാന്താശുപത്രി മാത്രമേ മിച്ചമുള്ളു. മാണി സാറിന്റെ വിജയരഹസ്യം ഇതായിരുന്നു. മാണിസാർ പാലായേയും പാല മാണിസാറിനേയും മരണം വരെ സ്‌നേഹിച്ചിരുന്നു. മാണിസാറിന്റെ ഓർമകൾക്ക് മുന്നിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു .