neena-prasad

കോവിഡ് 19 ലോകം മുഴുവൻ ഭീതിയിലാഴ്ത്തുമ്പോൾ .....കണ്ണിനു പോലും കാണാൻ സാധിക്കാത്ത ഈ വൈറസ് മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി വരുമ്പോൾ ഇതിന്റെയെല്ലാം യഥാർത്ഥ കാരണങ്ങളിലേക്ക് വിരൽ ചുണ്ടുകയാണ് ഡോ .നീന പ്രസാദിന്റെ "തരണം ചെയ്യണം " എന്ന നൃത്ത വീഡിയോ .'തരണം ചെയ്യണം മഹാമാരിയെ ' എന്ന് തുടങ്ങുന്ന അഞ്ചു മിനിറ്റ് നൃത്ത വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നു . മനുഷ്യന്റെ ധാർഷ്ട്യത്തെയും അഹങ്കാരത്തെയും കളഞ്ഞ് മനുഷ്യത്വപരമായ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥയാണ് ഈ കോവിഡ് 19 എന്ന് തരണം ചെയ്യണം എന്ന വിഡിയോയിൽ പറയുന്നു .


'വുഹാനിലെ വെറ്റ് മാർക്കറ്റിന്റെ വാർത്ത കാണാനിടയായപ്പോൾ ശരിക്കും ധർമ്മ രോക്ഷം തന്നെ ഉണ്ടായി .മനുഷ്യന്റെ ആർഭാടങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ വന്യ ജീവികളെ നിഷ്ടൂരമായി ഉപയോഗിക്കുന്നത് എന്റെ ഉറക്കം തന്നെ കളഞ്ഞിരുന്നു . കഴിഞ്ഞ രണ്ടു വർഷമായി കേരളം തന്നെ നേരിട്ട പ്രശ്‍നങ്ങൾ നമ്മൾ എല്ലാവരും കണ്ടതാണ് . പ്രകൃതിയുടെ ഒരു താളം തെറ്റൽ തന്നെയാണ് ഇത് . മനുഷ്യൻ മുന്നോട്ട് വയ്ക്കുന്ന വിരുദ്ധ ജീവിതം തന്നെയാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾക്ക് കാരണം . പ്രകൃതി അനുകൂല ജീവിതമാണ് മനുഷ്യർക്ക് വേണ്ടത് . മറ്റു ജീവ ജാലങ്ങളോട് മനുഷ്യർക്ക് ദയയില്ല . ഇങ്ങനെയുള്ള ചില കാര്യങ്ങൾ മനസിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയപ്പോൾ ,ഇനിയെങ്കിലും മനുഷ്യന് ഇതിന്റെ യഥാർത്ഥ കാരണങ്ങൾ തിരിച്ചറിഞ്ഞ് , അതെല്ലാം തിരുത്തി മനുഷ്യത്വപരമായി ജീവിക്കാൻ സാധിക്കണമെന്ന് തോന്നി. ഈ ജനതയ്ക്ക് എന്നെകൊണ്ട് സാധിക്കുന്ന രീതിയിൽ അത് പറഞ്ഞുകൊടുക്കണമെന്ന് തോന്നിയപ്പോഴാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചത്, പൂർണമായി മോഹിനിയാട്ടത്തിലൂടെയാണ് ഞാൻ പറയാൻ ശ്രമിച്ചിരിക്കുന്നത് .' - ഡോ .നീന പ്രസാദ് പറയുന്നു .

'തരണം ചെയ്യണം ' എന്ന വീഡിയോയുടെ മനോഹരമായ ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും ചെയ്‌തത്‌ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരിയാണ് .