messi

സ്പാനിഷ് ക്ളബ് ബാഴ്സലോണയുടെ ഡയറക്ടർ ബോർഡിൽ കലഹമെന്ന് റിപ്പോർട്ടുകൾ

മാഡ്രിഡ് : ലോകമെങ്ങും കൊവിഡ് -19ൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ കൂനിന്മേൽ കുരുവെന്നപോലെ സ്പാനിഷ് ഫുട്ബാൾ ക്ളബ് ബാഴ്സലോണയിൽ ഡയറക്ടർമാരുടെ തമ്മിലടി രൂക്ഷമായതായി റിപ്പോർട്ടുകൾ. ബാഴ്സയുടെ ഇപ്പോഴത്തെ പ്രസിഡന്റ് യോസെപ് മരിയ ബാർത്തോമ്യൂ ഡയറക്ടർ ബോർഡിൽ വൻ അഴിച്ചു പണിക്ക് ഒരുങ്ങുകയാണെന്നാണ് അറിയുന്നത്. താനടക്കമുള്ള ഡയറക്ടർമാരിൽ ചിലരെ മാറ്റാൻ പോകുന്ന കാര്യം വൈസ് പ്രസിഡന്റ് എമിലി റൗസൗദ് തന്നെയാണ് പരസ്യമാക്കിയത്.

ബാഴ്സലോണയുടെ ഡയറക്ടർ ബോർഡും കളിക്കാരും തമ്മിലുളള ബന്ധം ഏതാനും മാസങ്ങൾക്ക് മുമ്പേ വഷളായിരുന്നു. ഇൗ വർഷമാദ്യം ടെക്നിക്കൽ സെക്രട്ടറിയും മുൻ താരവുമായ എറിക് അബിദാലിനെതിരെ സൂപ്പർ താരം ലയണൽ മെസി സോഷ്യൽ മീഡിയയിലൂടെ പരസ്യമായി രംഗത്തുവന്നിരുന്നു.കൊവിഡ് 19 പശ്ചാത്തലത്തിൽ പ്രതിഫലത്തിൽ 70 ശതമാനത്തോളം കുറവുവരുത്തിയത് കളിക്കാരുമായി ചർച്ചകൾ നടത്തിയ ശേഷമായിരുന്നില്ല എന്ന വിവാദവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. മെസി ഉൾപ്പടെയുള്ളവർക്ക് ഏകപക്ഷീയമായ ശമ്പളം വെട്ടിക്കുറയ്ക്കൽ ഇഷ്ടമായിട്ടില്ല.

ബാർത്തോമ്യൂവിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ ക്ളബിനെ തെറ്റായ വഴിയിലേക്ക് നയിക്കുന്നുവെന്നാണ് കളിക്കാരുടെ പക്ഷം. എന്നാൽ തനിക്കെതിരെ പ്രതികരിക്കാൻ ചില ഡയറക്ർമാർ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതായും വാർത്തകൾ ചോർത്തുന്നതായും ബാർത്തോമ്യൂ പറയുന്നു. അവരെ മാറ്റാനാണ് ബാർത്തോമ്യൂ ലക്ഷ്യമിടുന്നത്. പ്രസിഡന്റായി അടുത്തവർഷത്തേക്ക് കൂടിയാണ് ബാർത്തോമ്യൂവിന്റെ കാലാവധി. രണ്ട് ടേം പൂർത്തിയാക്കിയ അദ്ദേഹം 2021ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മെസി പോകുമോ ?

ബാഴ്സയിലെ കലഹം കൊടുമ്പിരി കൊള്ളുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് മെസിയിലേക്കാണ്. ബാഴ്സയിൽ കളി പഠിച്ചുവളർന്ന മെസി ജീവിതത്തിൽ മറ്റൊരു ക്ളബിന്റെ കുപ്പായമണിഞ്ഞിട്ടില്ല. എന്നാൽ ക്ളബിലെ അന്തരീക്ഷം വഷളാകുന്ന സാഹചര്യത്തിൽ മെസിയെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയും രംഗത്തുണ്ട്. പണ്ടുമുതലേ മെസിയെ ഉന്നമിടുന്നവരാണ് ഇന്റർ. മെസിയുടെ പ്രിയപ്പെട്ട പരിശീലകൻ പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിലാണ്. 2021 വരെയാണ് ബാഴ്സയുമായുള്ള മെസിയുടെ നിലവിലെ കരാർ. ഇത് നീട്ടിയെടുക്കാൻ ബാർത്തോമ്യൂ ശ്രമിച്ചെങ്കിലും മെസി വഴങ്ങിയിരുന്നില്ല. ക്ളബിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് തന്റെ ഇഷ്ടക്കാരെ പിരിച്ചുവിടുകകൂടി ചെയ്യുമ്പോൾ മെസ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണണം.