ഷൊയ്ബ് അക്തറിന് ചുട്ട മറുപടി
ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താൻ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അടച്ചിട്ട ഗാലറിയിൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പര നടത്താമെന്ന മുൻ പാക് പേസർ ഷൊയ്ബ് അക്തറുടെ നിർദ്ദേശത്തിന് ചുട്ട മറുമടി നൽകി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. ഇന്ത്യയ്ക്ക് ആ പണത്തിന്റെ ആവശ്യകത ഇല്ലെന്നും പണമുണ്ടാക്കാനായി ക്രിക്കറ്റ് മത്സരം നടത്തി രോഗം വ്യാപിക്കാനുള്ള സാഹചര്യം ഒരുക്കാനാവില്ലെന്നും കപിൽ പറഞ്ഞു.മൂന്ന് മത്സരങ്ങൾ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത് നേടാവുന്നതിനേക്കാൾ തുക ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് കൊവിഡ് പ്രതിരോധത്തിനായി നൽകിക്കഴിഞ്ഞതായും കപിൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെക്കാൾ വലുതല്ല ക്രിക്കറ്റ്. ഇപ്പോൾ വേണ്ടത് വീടിനകത്തിരുന്ന് രോഗത്തെ പ്രതിരോധിക്കുകയാണ്. ഇൗ പോരാട്ടത്തിന്റെ മുന്നണിപ്പടയാളികളായ ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും നമുക്ക് അനുസരിക്കാം.
- കപിൽ ദേവ്