ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡൻ്റ ജെയർ ബോൾസോനാരോ. ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നിന്റെ നിർമാണ സാധനങ്ങൾ കയറ്റി അയക്കാൻ അനുമതി നൽകിയതിനാണ് ബ്രസീൽ പ്രസിഡൻ്റ മോദിക്ക് നന്ദി പറഞ്ഞത്.
ബുധനാഴ്ച്ച ബ്രസീൽ ജനതയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. കൊവിഡിനെതിരെ ഫലപ്രദമെന്ന് വിശ്വസിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾ നൽകണമെന്ന് ബ്രസീൽ പ്രസിഡൻ്റ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ബ്രസിലിലേക്കുള്ള കയറ്റുമതി വിലക്ക് പിൻവലിച്ചത്. ബ്രസീലിന് വേണ്ട പൂർണ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊവിഡിന്റെ പ്രാധാന്യം കുറച്ച് പറഞ്ഞതിനും, ചെറിയ പനി എന്ന് വിശേഷിപ്പിച്ചതിനും ജെയർ ബോൾസോനാരോക്കിന് എതിരെ വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
അമേരിക്ക ഉൾപ്പെടെ 30 രാജ്യങ്ങൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചു.ലോകത്തെ 70 ശതമാനം ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളുടെ ഉൽപാദനം ഇന്ത്യയിലാണ്. ഒരു മാസത്തിൽ 40 ടൺ മരുന്ന് ഉൽപാദിപ്പിക്കാനുളള ശേഷിയും ഇന്ത്യക്കുണ്ട്. അതേസമയം ബ്രസീലിൽ 15000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 127 പേർ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു.