ന്യൂഡൽഹി: കൊവിഡ്-19 ഭീതിയും ലോക്ക് ഡൗണും സൃഷ്‌ടിച്ച സമ്പദ് ഞെരുക്കത്തിൽ നിന്ന് കയകയറാൻ 23 ലക്ഷം കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ട് ബിസിനസ് ലോകം. ഘട്ടംഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാരിന് മുമ്പിൽ ഉന്നയിച്ചിട്ടുണ്ട്.
15-23 ലക്ഷം കോടി രൂപയുടെ ധനസഹായം അടുത്ത 12-18 മാസത്തിനകം വേണമെന്ന് അസോചം (അസോസിയേറ്റഡ് ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി ഇൻ ഇന്ത്യ) ആവശ്യപ്പെട്ടു. 7.6 ലക്ഷം കോടി രൂപ മൂന്നുമാസത്തിനകം ഉറപ്പാക്കണം. ഇതുവഴി, വ്യാപാര-വാണിജ്യ മേഖലയുടെ വരുമാനക്കുറവ് നികത്തുകയും തൊഴിൽ നഷ്‌ടം ഒഴിവാക്കുകയും വേണം.
9-10 ലക്ഷം കോടി രൂപയുടെ പാക്കേജാണ് ഫിക്കിയുടെ (ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി) ആവശ്യം. അസംഘടിത മേഖലയിലെ തൊഴിലാളികൾ, എം.എസ്.എം.ഇകൾ, വലിയ കോർപ്പറേറ്റുകൾ എന്നിവയ്ക്ക് മുഖ്യ പരിഗണന നൽകണം. കൊവിഡിന് ശേഷമുള്ള ബിസിനസ് പുനഃക്രമീകരണത്തിനായി രണ്ടുലക്ഷം കോടി രൂപയുടെ റിവൈവൽ ഫണ്ടും പ്രഖ്യാപിക്കണം.
പി.എച്ച്.ഡി ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി (പി.എച്ച്.ഡി.സി.സി.ഐ) ഒമ്പത് ലക്ഷം കോടി രൂപയുടെ പാക്കേജും കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) ജി.ഡി.പിയുടെ രണ്ടു ശതമാനം വരുന്ന പാക്കേജുമാണ് ഉന്നയിക്കുന്നത്. നടപ്പുവർഷം (2020-21) ജി.ഡി.പി വളർച്ച രണ്ടു ശതമാനത്തിന് മേലെയെത്താൻ സാദ്ധ്യതയില്ലെന്നും സി.ഐ.ഐ ചൂണ്ടിക്കാട്ടി.
കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്‌ചാത്തലത്തിൽ 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. 3.74 ലക്ഷം കോടി രൂപയുടെ ധനലഭ്യത ഉറപ്പാക്കാനുള്ള നടപടി റിസർവ് ബാങ്കും എടുത്തിരുന്നു. ഇതു പോരെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിനസ് ലോകം കൂടുതൽ പാക്കേജ് ആവശ്യപ്പെടുന്നത്. എം.എസ്.എം.ഇകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് 4-5 ശതമാനം പലിശനിരക്കിൽ സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഗ്യാരന്റിയോടെ, പ്രത്യേക വായ്‌പ ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്.
ആവശ്യം ഇങ്ങനെ
അസോചം : ₹23 ലക്ഷം കോടി
ഫിക്കി : ₹10 ലക്ഷം കോടി
പി.എച്ച്.ഡി.സി.സി.ഐ : ₹9 ലക്ഷം കോടി
സി.ഐ.ഐ : ജി.ഡി.പിയുടെ 2%*
(*ഏകദേശം 4.5 ലക്ഷം കോടി രൂപ).
''ബിസിനസ് മേഖലയുടെ വളർച്ച, തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കൽ, സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പിന്തുണ എന്നിവയ്ക്കായി 6.6 ലക്ഷം കോടി രൂപയെങ്കിലും ഉടൻ വേണ്ടിവരും. ലോക്ക് ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കുകയും വേണം",
സൗമ്യ കാന്തി ഘോഷ്,
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്,
എസ്.ബി.ഐ ഗ്രൂപ്പ്
ലോക്ക് ഡൗൺ: വേണം ഇളവ്
രണ്ടുഘട്ടങ്ങളായി വ്യവസായ-വാണിജ്യ മേഖലയ്ക്ക് പ്രവർത്തനാനുമതി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ഘട്ടം 1 : മാനുഫാക്‌ചറിംഗ്, ഇ-കൊമേഴ്‌സ്, കൺസ്‌ട്രക്‌ഷൻ, ലോജിസ്‌റ്റിക്‌സ്, ഗതാഗതം എന്നീ മേഖലകളെ പ്രവർത്തിക്കാൻ അനുവദിക്കണം.
ഘട്ടം 2 : ആദ്യഘട്ടത്തിലെ വിഭാഗങ്ങൾ പ്രവർത്തനം തുടങ്ങി മൂന്നാഴ്‌ചയ്ക്ക് ശേഷം മറ്റ് വിഭാഗങ്ങളുടെ പ്രവർത്തനവും ആരംഭിക്കണം.
തുടക്കത്തിൽ 50 ശതമാനം പേരെവച്ച് പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പടിപടിയായി തൊഴിലാളികളുടെ എണ്ണം ഉയർത്തുകയും വേണം.