തിരുവനന്തപുരം:രണ്ടാഴ്ചത്തെ ലോക്ക് ഡൗണിന് ശേഷം ഇന്നലെ വർക്ക് ഷോപ്പുകളും സ്പെയർപാർട്സ് കടകളും തുറന്നു. എന്നാൽ ലോക്ക് ഡൗൺ കാരണം ആർക്കും പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പ്രതീക്ഷിച്ച രീതിയിൽ വാഹനങ്ങളുടെ വൻ ഒഴുക്കൊന്നും ഉണ്ടായില്ല. ഇനി ഞായറാഴ്ചയാണ് വീണ്ടും തുറക്കുക. സർക്കാർ ഉത്തരവിൽ പറഞ്ഞ നിയന്ത്രണങ്ങൾ പാലിച്ച് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വർക്ക് ഷോപ്പുകൾ പ്രവർത്തിക്കുക. ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ഒട്ടുമിക്ക വർക്ക് ഷോപ്പുകളും സ്പെയർ പാർട്സ് കടകളും തുറന്ന് പ്രവർത്തിച്ചെങ്കിലും ചിലത് ഉച്ചയോടെ തന്നെ അടച്ചു.
ഇരുചക്ര വാഹനങ്ങളുടെ വർക്ക് ഷോപ്പുകളിൽ ചെയിൻ ടൈറ്റ്, ലൂബ്രിക്കന്റ് തുടങ്ങിയ ചെറിയ പണികൾക്കായി വാഹനങ്ങളെത്തി. പ്രദേശവാസികളുടെ വാഹനങ്ങളാണ് ഇന്നലെ അധികവും വർക്ക് ഷോപ്പുകളിലെത്തിയത്. സ്പെയർ പാർട്സ് കടകളിലും അധികം തിരക്ക് അനുഭവപ്പെട്ടില്ല. ഞായറാഴ്ച താരതമ്യേന കൂടുതൽ വണ്ടികൾ ഷോപ്പുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചെങ്കിലും ജീവനക്കാർ പൊലീസ് ചെക്കിംഗിൽ കുടുങ്ങുന്നുണ്ടെന്നും ഷോപ്പുടമകൾ പറഞ്ഞു.