ഇന്ന് ലോകത്തെ തന്നെ കാർന്നുതിന്നുന്ന ഒരു മഹാവിപത്തായി മാറി കോവിഡ് 19. ഈ കാലഘട്ടത്തിൽ മനുഷ്യരാശിയെ ഇതുപോലെ അപ്പാടെ നിശ്ചലമാക്കിയ ഒരു വിപത്തുണ്ടായിട്ടില്ല. നേടിയ ശാസ്ത്രനേട്ടങ്ങളെയെല്ലാം പിന്നിലാക്കി കോവിഡ് ലോകത്തെയാകെ പിടിച്ചുലക്കുകയാണ്. 1918 മുതൽ 1920 വരെ നീണ്ടുനിന്ന് 500 ദശലക്ഷം മനുഷ്യരെ ബാധിക്കുകയും 50 ദശലക്ഷം മനുഷ്യരുടെ ജീവനെടുക്കുകയും ചെയ്ത സ്പാനിഷ് ഫ്ലൂ എന്ന പകർച്ച വ്യാധിയാണ് ചരിത്രത്തിൽ ഇതുപോലെ ദുരിതം വിതറിയ വിപത്ത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലം വൈദ്യ, ശാസ്ത്ര, ഗവേഷണ, സാങ്കേതിക രംഗത്ത് അഭൂതപൂർവമായ വളർച്ചയുടെ കാലമായിരുന്നു. ഇത്രയും ശാസ്ത്രസാങ്കേതിക വിദ്യകൾ ഉണ്ടായിട്ടുകൂടി അത്യന്തം വ്യാപനശേഷിയുള്ള നൂതന കൊറോണ വൈറസിനെ ഉന്മൂലനാശനം ചെയ്യാൻ ഇനിയും മാസങ്ങൾ വേണ്ടിവരും. കഴിഞ്ഞ നവംബറിൽ ചൈനയിലെ വുഹാൻ എന്ന പ്രദേശത്തു ഒരു പക്ഷേ മൃഗങ്ങളിൽ നിന്ന് ഉടലെടുത്തെന്നു വിശ്വസിക്കുന്ന ഈ വൈറസ് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ലോകമെമ്പാടും വ്യാപിച്ചത്. ഈ പകർച്ചവ്യാധി എങ്ങനെയാണു ആഗോളതലത്തിൽ സാമൂഹിക ജീവിതത്തെ ബാധിച്ചിരിക്കുന്നത്? വാക്‌സിനോ പ്രത്യേക മരുന്നോ ഇനിയും വികസിപ്പിച്ചിട്ടില്ലാത്ത കൊവിഡിന്റെ പ്രതിരോധ മാർഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഉപാധി സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ്. വുഹാനിലെ യഥാർത്ഥ ചിത്രം ബാഹ്യലോകത്തിനു സുതാര്യമല്ലതിനാൽ ഇറ്റലിയിലെയും തുടർന്ന് കൊവിഡിന് ഇരയായ രാജ്യങ്ങളുടെയും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ഘടനയെ ഇതിന്റെ ആവിർഭാവം എത്രമാത്രം സ്വാധീനിച്ചു എന്ന് പരിശോധിക്കാം.
കൊവിഡിന്റെ വ്യാപനവും മരണവും ഇറ്റലിയെ ലോക്ക് ഡൗണിലേക്കു നയിച്ചപ്പോൾ അവിടെത്തെ ജനങ്ങളുടെ ആശയവിനിമയം വാട്‍സ് ആപ്പിലും ഫേസ്ബുക്കിലും സൂമിലും കൂടിയുള്ള സന്ദേശങ്ങളിൽ ഒതുങ്ങുകയായിരുന്നു. വൈകുന്നേരങ്ങളിൽ ഒരേ സമയം ബാൽക്കണികളിൽ നിന്നുള്ള ശബ്ദമോ സംഗീതമോ ലൈറ്റോ ആയി അവരുടെ സാമൂഹിക ജീവിതം ഒതുങ്ങി. ഫെബ്രുവരി 15 മുതൽ ഇറ്റലിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 132422 ആയി നിൽക്കുമ്പോൾ 17669 ജീവനുകൾ ഇതിനകം കവർന്നെടുത്തുകഴിഞ്ഞു. അസുഖ ബാധിതരെ പരിചരിക്കാനോ കൂടെനിൽക്കാനോ മരണപ്പെട്ടവരുടെ ശവശരീരങ്ങൾ അവസാനമായി ഒരു നോക്ക് കാണാൻ പോലുമോ കഴിയാത്ത അവസ്ഥയിൽ എത്രമാത്രം മാനസിക പീഡയിൽ കൂടിയാവാം ഇവർ കടന്നു പോകുന്നത്.
അമേരിക്കയിൽ ആദ്യ കൊവിഡ് കേസ് വാഷിംഗ്‌ടൺ സ്റ്റേറ്റിൽ വുഹാനിൽ നിന്ന് തിരികെ എത്തിയ ഒരാൾക്കായിരുന്നു. അതിന് ശേഷം ഒറ്റപ്പെട്ട കൊവിഡ് കേസുകൾ അതെ സംസ്ഥാനത്തു തന്നെ കണ്ടു .എന്നാൽ രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ലോക്ക് ഡൗണിനെ കുറിച്ചാലോചിക്കാൻ ഭരണകൂടങ്ങൾ തയ്യാറായില്ല. കാലിഫോർണിയയിലാണ് ആദ്യമായി ഫെബ്രുവരി 26 ന് സാമൂഹിക വ്യാപനം കണ്ടെത്തിയത്.
മാർച്ച് ഒന്നിനാണ് ആദ്യ കൊവിഡ് കേസ് ന്യൂയോർക്കിൽ സ്ഥിരീകരിച്ചത്.എന്നാൽ സ്കൂളും കോളേജും അടച്ചിടാൻ തിരുമാനിച്ചത് രണ്ടാഴ്ച കഴിഞ്ഞാണ് . പിന്നെ കൊവിഡ് പരിശോധനയും മന്ദഗതിയിലായിരുന്നു.ഇതൊക്കെയാണ് കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ആദ്യ ഘട്ടത്തിൽ തടസമായത്.
യു.എസിലെ സാമൂഹിക ജീവിതത്തെ കൊവിഡ് വളരെ ഗുരുതരമായിട്ടാണ് ബാധിച്ചത്. ധാരാളം കരാർ ജോലിക്കാർ, ചെറിയ ബിസിനസുകാർ തുടങ്ങിയവർക്കൊക്കെ ജീവിതം നന്നെ വഴിമുട്ടുന്ന അവസ്ഥ. സാമ്പത്തിക സഹായത്തിനുള്ള പാക്കേജ് നടപ്പിലാക്കാൻ സമയമെടുത്തു. പുറത്തു പോകാതെയുള്ള പഠനവും മറ്റും വിദ്യാർത്ഥികളെ മാനസികമായി ബാധിച്ചു. എല്ലാ ജനങ്ങളിലും മരണഭീതി. ഇനിയെന്ത്? എങ്ങനെ? എന്നുള്ള ചിന്തകളും ഒപ്പം. കൊവിഡ് വ്യാപനം അതിന്റെ നെറുകയിൽ ആണെന്ന ഭയത്തോടൊപ്പം അധികം താമസിയാതെ വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് മലയാളികൾ ഉൾപ്പെടെയുള്ള അമേരിക്കൻ ജനത.
ലേഖിക സീനിയർ സയന്റിസ്റ്റാണ്