covid-19

വാഷിംഗ്‌ടൺ ഡി.സി: ലോകരാജ്യങ്ങളെ നിസഹായരാക്കി കൊവിഡ് -19 ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുന്നു.

ലോകത്താകെ 90,000ത്തിലധികം പേർ മരിച്ചു.15, 24,843 രോഗികൾ.

കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്പിൽ നേരിയ ശമനമുണ്ടായെങ്കിലും ഇന്നലെ വീണ്ടും പഴയപടിയായി. ഇറ്റലിയിൽ മരണം 17,669 ആയി. സ്‌പെയിനിൽ ഒറ്റ ദിവസം 683 പേർ മരിച്ചു. ഇതോടെ മരണം 14,792 ആയി. ജർമ്മനിയിൽ 2,943 പേരും ഫ്രാൻസിൽ 10,869 പേരും മരിച്ചു.വൈറസിന്റെ പുതിയ ഹോട്ട് സ്‌പോട്ടുകളായ ബെൽജിയത്തിലും നെതർലാൻഡ്സിലും രോഗികൾ 2,000 കവിഞ്ഞു.

 അമേരിക്കയിൽ ബുധനാഴ്ച മാത്രം 1900 മരണം. ആകെ മരണം 15,000 പിന്നിട്ടു. രോഗികൾ 4,35,160 ആയി. എന്നാൽ ഭയപ്പെട്ട അത്രയും മരണം ഇല്ലെന്നും രോഗ നിയന്ത്രണം ശരിയായ ദിശയിലാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ന്യൂയോർക്കിൽ മരണസംഖ്യ ഉയരുകയാണ്. 6000 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 1,50,000 പേർക്ക് രോഗം ബാധിച്ചു. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലും മറ്റ് പ്രദേശങ്ങളിലും അടിയന്തര താത്ക്കാലിക ആശുപത്രികൾ ആരംഭിച്ചു. ശീതീകരിച്ച ട്രക്കുകൾ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.

വിസ്കോൺസിനിൽ നിയന്ത്രണങ്ങൾക്കിടയിലും അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ വോട്ട് ചെയ്യാൻ ആയിരങ്ങൾ മണിക്കൂറുകളോളം ക്യൂ നിന്നു.

 ബോറിസ് ജോൺസന് പുരോഗതി

കൊവിഡ് ബാധിച്ച് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലയിൽ പുരോഗതിയുണ്ട്.

 ബ്രിട്ടനിൽ റെക്കോർഡിട്ട് ഒറ്റദിവസം 938 മരണം. ആകെ മരണം 7,000 കടന്നു

 ഇറാനിൽ ഒറ്റദിവസം 121 മരണം, രണ്ടായിരത്തോളം പുതിയ രോഗികൾ. ആകെ മരണം 4000

 അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ടോക്കിയോയിൽ ട്രെയിനുകളിൽ തിരക്ക്.

 ഫ്രാൻസിൽ ലോക്‌ഡൗൺ നീട്ടാൻ മെഡിക്കൽ കൗൺസിലിന്റെ ശുപാർശ.

 എത്യോപ്യയിൽ അടിയന്തരാവസ്ഥ.

 നേപ്പാൾ രാജ്യാന്തര വിമാന സർവീസ് നിരോധനം 30 വരെ നീട്ടി.

 പെറുവിൽ കൊവിഡ് രോഗികളായ രണ്ട് സ്ത്രീകൾ പ്രസവിച്ചു. കുഞ്ഞുങ്ങൾക്കു രോഗമില്ല.

 തായ്‌ലാൻ‍‍‍ഡിൽ മരിച്ചവരിൽ ഇന്ത്യക്കാരനും.

 പാകിസ്ഥാനിലെ ക്വെറ്റയിൽ ചികിത്സാ ഉപകരണങ്ങളുടെ അഭാവത്തിൽ പ്രതിഷേധിച്ചതിന് ജയിലിൽ അടച്ച 47 ഡോക്ടർമാരെ വിട്ടയച്ചു. വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് 12, 000 രൂപ ധനസഹായം രാജ്യം നൽകി.

വെനിസ്വേലയിൽ സാനിറ്റേഷൻ കിറ്റ്, കുടിവെള്ളം, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷ ഉപകരണങ്ങൾ എന്നിവ ലോകാരോഗ്യ സംഘടന എത്തിച്ചു.

 ആമസോൺ കാടുകളിൽ വസിക്കുന്ന യാനോമാമീ ഗോത്രത്തിൽ 15 വയസുകാരന് രോഗബാധ.

 ദക്ഷിണ കൊറിയയിലും ന്യൂസിലാൻഡിലും കൊവിഡിന് നേരിയ ശമനം.