വാഷിംഗ്ടൺ: അമേരിക്കയിൽ അതിവേഗം പടരുന്ന കൊവിഡ് - 19 വൈറസ് ബാധിച്ച് 11 ഇന്ത്യക്കാർ കൂടി മരിച്ചു. 16 ഇന്ത്യക്കാർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂയോർക്ക്, ന്യൂജേഴ്സി മേഖലയിൽ നിന്നുള്ള 10 പേരും ഫ്ലോറിഡയിൽ നിന്നുള്ള ഒരാളുമാണ് മരിച്ചത്. ഇവരിൽ നാല് പേർ ന്യൂയോർക്ക് സിറ്റിയിലെ ടാക്സി ഡ്രൈവർമാരാണ്. അമേരിക്കയിൽ ഏറ്റവും അധികം കൊവിഡ് ബാധിതരുള്ള ന്യൂയോർക്കിൽ 1,38, 000 രോഗികളുണ്ട്. 6000 ഓളം ആളുകൾ മരിച്ചു. ന്യൂജേഴ്സിയിൽ 48,000 പേർക്ക് രോഗം ബാധിച്ചു. 1500 പേർ മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച 16 പേരിൽ നാല് സ്ത്രീകളുണ്ട്. ഇവർ ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് വിവരം.