വാഷിംഗ്ടൺ ഡി.സി : മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ ഇംപീച്ച്മെന്റിന്റെ വക്കിലെത്തിച്ച മോണിക്ക ലെവൻസ്‌കി വിവാദത്തിലെ പ്രധാന കണ്ണിയായ ലിൻഡ ട്രിപ് അന്തരിച്ചു. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 70 വയസായിരുന്നു.1998ൽ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇംപീച്ച്മെന്റ് നടപടികളിലെ പ്രധാന തെളിവായിരുന്ന ക്ലിന്റനും വൈറ്റ് ഹൗസ് ഇന്റേണായിരുന്ന മോണിക്ക ലെവിൻസ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണങ്ങളടങ്ങിയ ടേപ്പ് അധികൃതർക്ക് സമർപ്പിച്ചത് ലിൻഡയായിരുന്നു. ബിൽ ക്ലിന്റൺ പ്രസിഡന്റായിരുന്ന സമയത്ത് വൈറ്റ് ഹൗസിൽ ജോലി ചെയ്തിരുന്ന ലിൻഡ ട്രിപ്, പിന്നീട് പെന്റഗൺ ഹൗസിലേക്ക് മാറി. ഈ കാലയളവിൽ വൈറ്റ് ഹൗസ് ഇന്റേണായ മോണിക്ക ലെവിൻസ്‌കിയുമായി സൗഹൃദത്തിലായി. പിന്നീട് ലിൻഡയുമായുള്ള ഫോൺ സംഭാഷണത്തിനിടെ ലെവിൻസ്‌കി, താനും ക്ലിന്റനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. ലിൻഡ ഇത് റെക്കാഡ് ചെയ്ത് അഭിഭാഷകനായ കെന്നത്ത് സ്റ്റാറിന് കൈമാറുകയായിരുന്നു.
ക്ലിന്റനെ പിന്നീട് സെനറ്റ് കുറ്റവിമുക്തനാക്കി. 2001ൽ തന്റെ പ്രസിഡന്റ് പദവി കാലയളവിന്റെ അവസാന ദിവസം ലിൻഡയെ പെന്റഗൺ ഹൗസിലെ ഉദ്യോഗത്തിൽ നിന്ന് ക്ലിന്റൺ പുറത്താക്കി. എന്നാൽ, കോടതിയിൽ കേസ് നൽകിയ ലിൻഡ തനിക്ക് ന്യായമായി ലഭിക്കേണ്ട പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നേടിയെടുത്തിരുന്നു.