fuel-demand

കൊച്ചി: ലോക്ക് ഡൗൺ മൂലം ഇന്ത്യയിൽ ഈമാസം ഇതുവരെ പെട്രോൾ, ഡീസൽ ഡിമാൻഡിൽ ഉണ്ടായ ഇടിവ് 66 ശതമാനം. വ്യോമ ഇന്ധന (എ.ടി.എഫ്) വില്പന 90 ശതമാനവും കുറഞ്ഞു. യാത്രാ നിയന്ത്രണമുള്ളതിനാൽ നിരത്തുകൾ ഒഴിഞ്ഞുകിടക്കുന്നതും വിമാനങ്ങൾ ചിറകുമടക്കിയതുമാണ് കാരണം.

2019 ഏപ്രിലിൽ ഇന്ത്യക്കാർ 24 ലക്ഷം ടൺ പെട്രോളും 73 ലക്ഷം ടൺ ഡീസലും വാങ്ങിയിരുന്നു. ചെലവായ എ.ടി.എഫ് 6.45 ലക്ഷം ടൺ. ലോകത്തെ മൂന്നാമത്തെ വലിയ ഇന്ധന ഉപഭോഗ രാജ്യമായ ഇന്ത്യ, മാ‌ർച്ചിൽ മൊത്തം വില്പനയിൽ 17.79 ശതമാനം ഇടിവും കുറിച്ചിരുന്നു. എൽ.പി.ജി വില്പന മാത്രമാണ് മാ‌ർച്ചിൽ ഉയർന്നത്, 1.9 ശതമാനം.

വില കൂടാൻ സാദ്ധ്യത

ലോക്ക് ഡൗണിന് ശേഷം ഉപഭോക്താക്കളെ കാത്ത് ഇന്ധനവില വർദ്ധന ഉണ്ടായേക്കും. ഉത്പാദനം കുറച്ച്, ക്രൂഡോയിൽ വില കൂട്ടാൻ സൗദിയും റഷ്യയും നടത്തിയ ചർച്ചയിൽ ഏകദേശ ധാരണയായിട്ടുണ്ട്. പ്രതിദിനം ഒരുകോടി ബാരൽ വീതം ഉത്‌പാദനം കുറച്ചേക്കും. ഇതു നടന്നാൽ, ക്രൂഡ് വില കൂടും. ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽ.പി.ജി വിലയും ഉയരും.

നിലവിലെ വില

 യു.എസ് ക്രൂഡ് : $27.27/ബാരൽ

 ബ്രെന്റ് ക്രൂഡ് : $34.47/ബാരൽ

 പെട്രോൾ : ₹72.99/ലിറ്റർ

 ഡീസൽ : ₹67.19/ലിറ്റർ