jayan

'ജയൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ മലയാളസിനിമയിലെ സൂപ്പർ സ്‌റ്റാർ സിംഹാസനം അദ്ദേഹത്തിനായി മാത്രം ഒഴിഞ്ഞു തന്നെ കിടന്നേനെ'...ഈ ഡയലോഗ് നമ്മൾ എത്ര കേട്ടിരിക്കുന്നു. മരണം കൂട്ടികൊണ്ടു പോയിട്ട് വർഷങ്ങളിത്ര കഴിഞ്ഞിട്ടും, ആ അനശ്വരനടനെ മലയാളി തന്റെ ഹൃദയത്തോട് ചേർത്തു നിർത്തിയിരിക്കുന്നു. എഴുപതുകളിലെ യുവത്വത്തിന്റെ സിരകളിൽ പടർന്നു കയറിയ ജയന്റെ തീപ്പൊരി ഡയലോഗുകൾ പിന്നാലെ വന്ന തലമുറകൾ ഒട്ടും ആവേശം ചോരാതെ ഏറ്റെടുത്തു. 'ഇന്ന് ജയനുണ്ടായിരുന്നെങ്കിൽ നിങ്ങളുടെ ഈ സൂപ്പർ സ്‌റ്റാറുകളേക്കാൾ സ്‌റ്റാർ ആയേനെ' എന്ന് പലരും തങ്ങളുടെ പിന്മുറക്കാരോട് പറഞ്ഞു.

എന്നാൽ ഇപ്പോഴിതാ തന്റെ വരകളിലൂടെ, അനശ്വരന് നടന് ജീവൻ നൽകിയിരിക്കുകയാണ് ഒരു കലാകാരൻ. തന്റെ കാഴ്‌ചപ്പാടിൽ ഇന്ന് ജയൻ ജീവിച്ചിരുന്നെങ്കിൽ എങ്ങനെ എന്ന ചോദ്യത്തിനാണ് സിനിമയിലെ കൺസപ്‌റ്റ് ആർട്ടിസ്‌റ്റായ സേതു ഉത്തരം നൽകിയിരിക്കുന്നത്. ഒരു പക്ഷേ ഈ കാഴ്‌ചപ്പാടു തന്നെയാകാം ബറോസ് എന്ന തന്റെ സംവിധാന സംരംഭത്തിലെ കൺസപ്‌ട് വർക്കുകൾക്ക് സേതുവിനെ തന്നെ തിരഞ്ഞെടുക്കാൻ സാക്ഷാൽ മോഹൻലാൽ തയ്യാറായതും.

pic3

അഞ്ച് വർഷങ്ങൾക്കുള്ളിൽ സേതുവിന്റെ വരയിൽ പിറന്നത് മലയാളത്തിന്റെ പ്രിയ നായികാ നായക സങ്കൽപ്പങ്ങളായിരുന്നു. പത്തേമാരി'യിലെ പള്ളിക്കൽ നാരായണനും 'ആമി'യിലെ കമലാദാസും, 'ഞാൻ മേരിക്കുട്ടി'യിലെ മേരിക്കുട്ടിയുമെല്ലാം സംവിധായകന്റെ ഇച്ഛയ്ക്കും ഒരു പടി മുന്നിൽ നിന്ന കഥാപാത്രങ്ങളാണ്. വിരൽ തുമ്പിലെ മാന്ത്രികതയാൽ ഈ കഥാപാത്രങ്ങളെ വരച്ചെടുക്കുകയായിരുന്നു സേതു.

സിനിമയിലേക്കുള്ള വരവ്
'മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്സിലായിരുന്നു ബിരുദം പഠനം പൂർത്തിയാക്കിയത്. സിനിമ എന്ന മോഹം അന്നു തന്നെ മനസിലുണ്ടായിരുന്നു. എന്നാൽ സിനിമയിൽ തന്നെ എന്ത് എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ആയിടക്കാണ് ഒരു സുഹൃത്തിന്റെ അച്ഛന്റെ പരിചയത്തിൽ ആർ.സുകുമാരൻ സംവിധാനം ചെയ്ത യുഗപുരുഷൻ എന്ന സിനിമയുടെ സെറ്റിലെത്തുന്നത്. അഭിനയിക്കാനുള്ള അവസരവും ആ യാത്രയിൽ ഒത്തുവന്നു. ചെറിയ വേഷമായിരുന്നെങ്കിലും ചിത്രത്തിന്റെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ സംവിധായകൻ സന്തോഷ് സൗപർണിക മേയ്ക്ക് അപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദിനെ പരിചയപ്പെടുത്തി തരികയായിരുന്നു. ആ കൂടിക്കാഴ്ചയാണ് ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത്.

pic4

'അർദ്ധനാരി' എന്ന ചിത്രത്തിന് വേണ്ടി ഞാൻ വരച്ച ചില വർക്കുകൾ റഷീദിക്ക കണ്ടിരുന്നു. അതിഷ്ടപ്പെട്ട അദ്ദേഹം 'ടർബോളി' എന്ന ചിത്രത്തിലേക്കായി നടൻ വിജയരാഘവന്റെ 90 വയസ് പ്രായം തോന്നിക്കുന്ന ഒരു ചിത്രം വേണമെന്ന് ആവശ്യപ്പെടുകയും, അതിൻപ്രകാരം വരച്ചു നൽകിയ ചിത്രവും അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രമായ പത്തേമാരിയിലേക്ക് വേണ്ടി റഷീദിക്ക വിളിക്കുകയായിരുന്നു. അതായിരുന്നു തുടക്കം.'

തെറ്റുകൾ കണ്ടെത്തിയത് സാക്ഷാൽ മമ്മൂട്ടി
സത്യത്തിൽ വളരെ പേടിച്ചാണ് പത്തേമാരിയിലെ മമ്മൂക്കയുടെ ചിത്രം പൂർത്തിയാക്കിയത്. അതുകൊണ്ടു തന്നെ ആദ്യം വരച്ചതിൽ ചില തെറ്റുകൾ കടന്നു കൂടിയിരുന്നു. മമ്മൂക്ക തന്നെ അത് കണ്ടെത്തുകയും ചെയ്തു. പിന്നീട് ടെൻഷനൊക്ക മാറ്റി വച്ച് ഒന്നു കൂടി വരപ്പോൾ ശരിയായി. അതുതന്നെയാണ് സിനിമയിൽ നമ്മൾ കണ്ട മമ്മൂട്ടിയുടെ രൂപം. അതിന് ശേഷം മമ്മൂക്കയുടെ പുത്തൻ പണം, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചു.

pic2

ആടുജീവിതം ഉയർത്തിയ വെല്ലുവിളി
എല്ലാ വർക്കിനും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. സംവിധായകനോ മേയ്ക്ക് അപ്പ് ആർട്ടിസ്റ്റിനോ എന്റെ വർക്ക് കൊണ്ട് ഒരു ബുദ്ധിമുട്ടുണ്ടാകരുത് എന്ന നിർബന്ധം എനിക്കുണ്ട്. എന്നിരുന്നാലും കൂടുതൽ ടെൻഷടിച്ചത് ബ്‌ളെസി സാറിന്റെ 'ആടു ജീവിതം' ചെയ്തപ്പോഴായിരുന്നു.

ആ ചിത്രം ലാലേട്ടന് ഇഷ്‌ടപ്പെട്ടു

മോഹൻലാൽ ഫാൻസിന് വേണ്ടി ഒടിയന്റെ ഒരു ചിത്രം ഞാൻ വരച്ചത് ലാലേട്ടന് ഇഷ്ടപ്പെട്ടിരുന്നു. അന്ന് തൊട്ട് ലാലേട്ടനുമായി നല്ല സൗഹൃദമുണ്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ബോൾഗാട്ടിയിലെ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാനെത്തിയ യു.എ.ഇ മന്ത്രിക്ക് അദ്ദേഹം സമ്മാനിച്ചത് ഞാൻ വരച്ച ചിത്രമായിരുന്നു. ലാലേട്ടൻ തന്നെ നേരിട്ട് വിളിച്ചു പറഞ്ഞ് ചെയ്ത വർക്കായിരുന്നു അത്.

pic5

കമലഹാസനൊപ്പം ഇന്ത്യൻ2വിൽ

അത് വലിയൊരു ഭാഗ്യമായാണ് കാണുന്നത്. കമൽ സാറിന്റെ ഒരു ചിത്രത്തിൽ ഭാഗഭാക്കാവുക എന്നുപറയുന്നത് ഒരു സ്വപ്‌നസാക്ഷാത്‌കാരം പോലെയാണ്. മേയ്‌ക്ക് അപ്പ് ആർട്ടിസ്‌റ്റ് പട്ടണം റഷീദിക്ക വഴിയാണ് ഇന്ത്യൻ2വിലേക്കുള്ള ക്ഷണം ലഭിച്ചത്.

പുതിയ സിനിമകൾ

മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹം,​ വൺ,​ ദി പ്രീസ്‌റ്റ്,​ ബറോസ്, കേശു ഈ വീടിന്റെ ഐശ്വര്യം, പൃഥ്വിരാജിന്റെ 'കറാച്ചി',​ മാലിക്,​ താക്കോൽ,​ സുകുമാരക്കുറുപ്പ് എന്നിവയും,​ ബാഹുബലിയുടെ തിരക്കഥാകൃത്ത് കെ.വി വിജയേന്ദ്ര പ്രസാദ് തിരക്കഥ ഒരുക്കുന്ന കന്നഡ ചിത്രമായ 'രാജവീര മടകരി നായക'യുമാണ്പുതിയ പ്രോജക്‌ടുകൾ.