തിരുവനന്തപുരം: ഖത്തറിൽ ജോലി ചെയ്യുന്ന തിരുവല്ലം സ്വദേശി പ്രജിത്ത് തന്റെ മകൾക്ക് ജീവൻരക്ഷാ മരുന്ന് എത്തിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് ഇ-മെയിൽ സന്ദേശമയച്ചപ്പോൾ ഇത്രവേഗത്തിൽ മരുന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആറുമാസം പ്രായമുള്ള മകൾ രക്തത്തിൽ ഗ്ലൂക്കോസിന്റെ അംശം കുറഞ്ഞുപോകുന്ന രോഗത്തിന് ചികിത്സയിലാണ്. ദിവസേന മുടങ്ങാതെ മരുന്ന് കഴിക്കണം, ലോക്ക് ഡൗണായതോടെ മരുന്ന് ലഭിക്കാതായി. ഖത്തറിലാണെങ്കിലും മകളുടെ മരുന്ന് കിട്ടാൻ പലവഴിക്കും ശ്രമിച്ചു. ഒടുവിൽ മരുന്ന് ബാംഗ്ലൂരിൽ ലഭ്യമാണെന്നറിഞ്ഞപ്പോൾ ഒരു ബന്ധു മുഖേന വാങ്ങിപ്പിച്ചു. പക്ഷേ നാട്ടിലെത്തിക്കാൻ ഒരു വഴിയുമില്ല. നാട്ടിൽ മരുന്നെത്തിക്കാനുള്ള വഴികളെല്ലാം അടഞ്ഞപ്പോൾ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ചൊവ്വാഴ്ച പ്രജിത്ത് മുഖ്യമന്ത്രിക്ക് ഇ-മെയിൽ സന്ദേശമയച്ചു. പിന്നെല്ലാം ഞൊടിയിടയിൽ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് പ്രജിത്തിന്റെ ഇ-മെയിൽ കൈമാറിയതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജനമൈത്രി നോഡൽ ഓഫീസറും ക്രൈം ബ്രാഞ്ച് ഐ.ജിയുമായ എസ്.ശ്രീജിത്തിനെ ബംഗളൂരുവിൽ നിന്ന് മരുന്ന് നാട്ടിലെത്തിക്കാൻ ചുമതലപ്പെടുത്തി. അദ്ദേഹം ബംഗളൂരു ഐ.ജിയുമായി ബന്ധപ്പെട്ട് പൊലീസിന്റെ സഹായം അഭ്യർത്ഥിച്ചു. മരുന്ന് ബംഗളൂരു പൊലീസ് ചൊവ്വാഴ്ച വൈകിട്ടുതന്നെ കാസർകോട് അതിർത്തിയിലെത്തിച്ച് കേരള പൊലീസിന് കൈമാറി. ബുധനാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച മരുന്ന് വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിൽ പ്രജിത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നു.