ബ്രസീലിയ: ആമസോൺ ഉൾക്കാടുകളിൽ വസിക്കുന്ന ആദിവാസി വിഭാഗമായ യനോമമി ഗോത്രവിഭാഗത്തിൽ ഒരാൾക്ക് കൊവിഡ് -19 സ്ഥിരീകരിച്ചതായി ബ്രസീൽ അറിയിച്ചു. 15 വയസുള്ള ആൺകുട്ടിക്കാണ് രോഗം. കുട്ടി ബോ വിസ്റ്റയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പുറംലോകവുമായി ബന്ധമില്ലാത്ത വിദൂര വനമേഖലയിൽ താമസിക്കുന്ന ഗോത്രക്കാർക്കിടയിൽ വൈറസ് എത്തിയത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്രസീൽ ആരോഗ്യ മന്ത്രി ലൂയിസ് ഹെൻറിക്വെ മൻഡെറ്റ പറഞ്ഞു. പുറത്തുനിന്നെത്തുന്ന രോഗങ്ങൾ പടരുന്നത് ഈ ഗോത്രവിഭാഗക്കാരെ അപകടത്തിലാക്കും. വികസിത ലോക ജനത ഇത്തരം രോഗാണുക്കൾക്കെതിരെ നേടിയ പ്രതിരോധശേഷി കാട്ടുമനുഷ്യർക്കുണ്ടാകില്ല. ബ്രസീലിൽ ഇതുവരെ വിവിധ ഗോത്രവിഭാഗങ്ങളിലായി ഏഴ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 300 ലേറെ ഗോത്ര വിഭാഗങ്ങളിലായി എട്ട് ലക്ഷത്തിലേറെ ആദിവാസികളാണ് ബ്രസീലിലുള്ളത്.