centre-fund

ന്യൂഡൽഹി: ദേശീയ തലത്തിലും, സംസ്ഥാന തലത്തിലുമുള്ള ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ അടിയന്തര ഫണ്ട് അനുവദിച്ച് കേന്ദ്ര സർക്കാർ. 15,000 കോടി രൂപ മൂല്യമുള്ള ഫണ്ടാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കൊവിഡ് 19 വൈറസിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്രം ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. 'കൊവിഡ് 19 അടിയന്തര പ്രതികരണ, ആരോഗ്യ സംവിധാന സന്നദ്ധതാ പാക്കേജ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി മൂന്ന് കാലയളവുകളിലായാണ് കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തുക.

ജനുവരി 2020 മുതൽ ജൂൺ 2020 വരെയുള്ള കാലയളവിലേക്കാണ് തുകയുടെ ഒരു ഭാഗം ചിലവഴിക്കുക, രണ്ടാം ഘട്ടമായ ജൂൺ 2020 മുതൽ മാർച്ച് 2021 വരെ അടുത്ത സംഘ്യയും ഏപ്രിൽ 2021 മുതൽ മാർച്ച് 2024 വരെ ആകെത്തുകയുടെ അവസാന ഭാഗവും രാജ്യത്തെ ആരോഗ്യരംഗത്തിനായും രോഗപ്രതിരോധത്തിനായും ചിലവഴിക്കും. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളുമാകും ഈ തുക പൂർണമായും ഉപയോഗിക്കുക.

കൊവിഡ് ആശുപത്രികളിൽ വികസനം എത്തിക്കുക, തീവ്ര പരിചരണ വിഭാഗങ്ങളെ ശക്തമാക്കുക, ഓക്സിജൻ വിതരണം കാര്യക്ഷമമാക്കുക, മരുന്നുകളും ഭക്ഷണവും ഉറപ്പാക്കുക, ലബോറട്ടറികളുടെ സ്ഥാപനം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾക്കുവേണ്ടിയാണ് തുക പ്രധാനമായും ഉപയോഗപ്പെടുത്തേണ്ടത്. ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. പി.പി.ഇ ഉപകരണങ്ങൾ വാങ്ങുക, എൻ 95 മാസ്കുകൾ വാങ്ങുക, ആശുപത്രികളും ആംബുലൻസുകളും അണുവിമുക്തമാക്കുക എന്നീ നടപടികളിലാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പ്രധാനമായും നടപ്പാക്കുക, അദ്ദേഹം പറഞ്ഞു.