lulu

കൊല്ലം: പത്തനാപുരം ഗാന്ധിഭവന് വീണ്ടും സഹായഹസ്‌തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. കൊവിഡ്-19 പ്രതിസന്ധികളെ തുടർന്ന് ആവശ്യത്തിന് ഭക്ഷണവും മരുന്നും ഇല്ലാതെയും കടബാദ്ധ്യത മൂലവും വലഞ്ഞ ഗാന്ധിഭവന് 25 ലക്ഷം രൂപയുടെ ധനസഹായം അദ്ദേഹം നൽകി. ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ഭക്ഷണവും കൊവിഡ് പ്രതിരോധത്തിനായി സാനിട്ടൈസറും മാസ്‌കും ലഭ്യമാക്കാൻ തുക പ്രയോജനപ്പെടുത്തണമെന്ന് എം.എ. യൂസഫലി നി‌ർദേശിച്ചു.

ഗാന്ധിഭവന്റെ പത്തനാപുരം സെന്ററിലും കൊല്ലം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ 12 ശാഖകളിലുമായി 1,200 പേർ വസിക്കുന്നുണ്ട്. 80 ശതമാനവും വയോധികരും മാനസിക-ശാരീരിക വൈകല്യമുള്ളവരും കിടപ്പുരോഗികളുമാണെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പറഞ്ഞു. കൊവിഡ്-19 ഭീതിയും ലോക്ക് ഡൗണും മൂലം ഏറെ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ആശ്വാസമായി യൂസഫലിയുടെ സഹായമെത്തിയത്.

ഗാന്ധിഭവനിലെ അന്തേവാസികൾക്കായി 15 കോടി രൂപ ചെലവിട്ട് യൂസഫലി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഒരു കോടിയിലേറെ രൂപയുടെ പ്രതിവർഷ ഗ്രാന്റിന് പുറമേയാണ് ഇപ്പോഴത്തെ സഹായം.