ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സുരക്ഷാ കിറ്റുകൾക്ക് തീരെ ഗുണനിലവാരമില്ലെന്ന് പരാതി ഉയരുന്നു. ഡൽഹി എല്‍.എന്‍.ജി.പി ആശുപത്രിയിലെത്തിയ പി.പി.ഇ സുരക്ഷാ കിറ്റുകൾ ധരിക്കുമ്പോൾ തന്നെ കീറിപോകുന്നതായാണ് പരാതി. അതിനിടെ ഡൽഹി എയിംസ് ആശുപത്രിയില്‍ ഉപയോഗിച്ച മാസ്‌കുകള്‍ തന്നെ വീണ്ടും ഉപയോഗിക്കണമെന്ന സര്‍ക്കുലര്‍ നഴ്സുമാർക്കിടയിലും ഡോക്ടര്മാര്ക്കിടയിലും ആശങ്ക സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകർ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ പ്രതിഷേധമറിയിച്ചിട്ടുണ്ട്
ഒരുദിവസം ഉപയോഗിച്ച് നാലാം ദിവസം അതേ മാസ്‌ക് ഉപയോഗിക്കാനാണ് ഇവരോട് ആശുപത്രി ആവശ്യപ്പെടുന്നത്. 20 ദിവസം ഉപയോഗിക്കാന്‍ നാല് മാസ്‌കുകളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. കൊവിഡ് രോഗബാധിതരെ ചികിത്സിച്ച ഡൽഹിയിലെ 22 നഴ്സുമാർക്കാണ് ഇതുവരെ രോഗം വന്നതായി സ്ഥിരീകരിച്ചത്.
എല്‍.എന്‍.ജി.പി ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് നല്‍കിയ കിറ്റുകളില്‍ ഉള്‍പ്പെട്ട സാധനങ്ങളെല്ലാം ഉപയോഗിക്കാൻ കഴിയാത്തതും ഗുണനിലവാരമില്ലാത്തതുമാണെന്നാണ് ആക്ഷേപം. അതോടൊപ്പം നഴ്‌സുമാര്‍ക്ക് താമസിക്കാന്‍ ഒരുക്കിയ സ്ഥലവും യാതൊരു സൗകര്യവുമില്ലെന്ന പരാതിയുമുണ്ട്. ഒരുമുറിയില്‍ 30 പേര്‍ ഒന്നിച്ച് താമസിക്കണമെന്നുള്ള നിര്‍ദേശമാണ് ആശുപത്രി അധികൃതർ ഇവർക്ക് നൽകിയിരിക്കുന്നത്. എന്നാല്‍ ഒരുലക്ഷം കൊറോണ കിറ്റുകള്‍ ലഭ്യമാക്കിയതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.