മുംബയ് : ലോക്ക്ഡൗൺ ദിനങ്ങൾ ചിലരുടെ ഒത്തുചേരലിന് കൂടി വേദിയായി മാറുകയാണ്. 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞ ഹൃത്വിക് റോഷന്റെ വീട്ടിലേക്ക് ലോക്ക്ഡൗൺ കാലത്ത് മുൻ ഭാര്യ സൂസെൻ ഖാൻ മടങ്ങിയെത്തിയിരുന്നു. മക്കൾക്ക് വേണ്ടി തത്കാലത്തേക്കാണ് ഹൃത്വിക് റോഷന്റെ ജൂഹുവിലെ അപ്പാർട്ട്മെന്റിലേക്ക് സൂസെൻ ഖാൻ താമസം മാറ്റിയത്. ഹൃത്വിക്കിന്റെ വീട്ടിലെ ലോക്ക്ഡൗൺ ദിനങ്ങളെങ്ങനെയെന്ന് സൂസെൻ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്. ഇന്റീരിയർ ഡിസൈനറായ സൂസെൻ ഹൃത്വിക്കിന്റെ അപ്പാർട്ട്മെന്റിൽ താത്കാലിക ഓഫീസും ഒരുക്കിയിട്ടുണ്ട്.
ജുഹു ബീച്ചിനു അഭിമുഖമായിട്ടാണ് സൂസെൻ ഓഫീസ് ഒരുക്കിയത്. കടലിന്റെ സൗന്ദര്യം ആസ്വദിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങൾ സൂസെൻ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചാണ് സൂസെൻ പറയുന്നത്. നാലു സെൽഫി ചിത്രങ്ങളിലൂടെയാണ് സൂസെൻ ഇക്കാര്യം വിശദീകരിക്കുന്നത്.
ഹൃത്വിക്കിന്റെ വീടിനെ ‘ഹോം സ്വീറ്റ് ഹോം’ എന്നു സൂസേൻ ടാഗ് ചെയ്തിട്ടുമുണ്ട്. ലോക്ക്ഡൗൺ ദിനങ്ങളിലെ ഹൃത്വിക്കിന്റെ വീട്ടിലെ താമസം താൻ ഏറെ ആസ്വദിക്കുന്നുവെന്നും താനേറെ സന്തോഷവതിയാണെന്നും സൂസെന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽനിന്നും വ്യക്തമാണ്.
ഹ്രെഹാൻ, ഹൃദാൻ എന്നീ രണ്ടു മക്കളാണ് ഹൃത്വിക്-സൂസന്ന ദമ്പതികൾക്ക്. ഇരുവരും വേർപിരിഞ്ഞതോടെ മക്കൾ രണ്ടുപേരും ഹൃത്വിക്കിനും സൂസനുമൊപ്പം മാറി മാറിയാണ് താമസം. 2000 ൽ ആയിരുന്നു ഹൃത്വിക്കിന്റെയും സൂസേൻ ഖാനിന്റെയും വിവാഹം. 13 വർഷങ്ങൾക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു.