kuwait

കുവൈറ്റ് സിറ്റി: രാജ്യത്ത് ലോക്ക്ഡൗൺ നിലവിൽ വന്നതോടെ പുറത്തുനിന്ന്​ സാധനങ്ങൾ വരുന്നത്​ നിലച്ച കുവൈറ്റിലെ ജലീബ്​ അൽ ശുയൂഖ്​, മഹബൂല പ്രദേശങ്ങളിലുള്ളവർ കനത്ത ആശങ്കയിൽ. അവശ്യ ഭക്ഷ്യവസ്​തുക്കളും ഗ്യാസും ഇവിടങ്ങളിൽ അതിവേഗമാണ് തീർന്നുകൊണ്ടിരിക്കുന്നത്. ഇവിടെ സഞ്ചാരത്തിന്​ അനുമതിയുണ്ടെങ്കിലും സാധനങ്ങളുടെ ലഭ്യതക്കുറവാണ്​ ഏവരെയും അലട്ടികൊണ്ടിരിക്കുന്നത്​. സാധനങ്ങൾ അതിവേഗമാണ് തീർന്നുകൊണ്ടിരിക്കുന്നത്​.

റെസ്റ്റോറൻറുകളിലും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും തീർന്നുകൊണ്ടിരിക്കുന്നതിനാൽ എത്ര ദിവസം കൂടി മുന്നോട്ട് പോകാനാകുമെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയിലാണ്​ ജനങ്ങളും കടയുടമകളും. പുറത്തുനിന്നുള്ള വാഹനങ്ങൾ ഈ പ്രദേശങ്ങളിലേക്ക്​ കടത്തിവിടുകയോ ഇവിടെനിന്ന്​ പുറത്തേക്കും ആരെയെങ്കിലും പുറത്തോട്ട് വിടുകയോ ചെയ്യുന്നില്ല. ഗ്യാസ്​ സ്​റ്റേഷനുകളിൽ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​.

കൊവിഡ്​ കാലത്തെ സർക്കാർ മാർഗനിർദേശപ്രകാരമുള്ള ഒരു മീറ്റർ അകലം ഈ പ്രദേശങ്ങളിൽ പാലിക്കപ്പെട്ടിരുന്നില്ല എന്നാണ് വിവരം. പുതിയ സ്​റ്റോക്ക്​ എത്തിയില്ലെങ്കിൽ നിലവിലെ സ്​റ്റോക്ക്​ ഒന്നോ ​രണ്ടോ ദിവസത്തിനുള്ളിൽ തീരും. ലോക്​ ഡൗൺ രണ്ടാഴ്​ചയെങ്കിലും വേണ്ടിവരുമെന്നാണ്​ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​ കഴിഞ്ഞ ദിവസം വ്യക്​തമാക്കിയത്​.കൂടുതൽ ദിവസങ്ങളിലേക്ക്​ ഇത് നീളാനുള്ള സാദ്ധ്യതയും തള്ളാനാവില്ല.