കൊച്ചി: സംസ്ഥാന സർക്കാരിന്റെ ജനകീയ അടുക്കളകളുടെ പേര് പറഞ്ഞുകൊണ്ട് കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ എം.ബി മുരളീധരന്‍ പണപ്പിരിവ് നടത്തിയതായി ആരോപണം. ഇദ്ദേഹം ഫ്ളാറ്റുകളില്‍ നിന്ന് ജനകീയ അടുക്കളയിലേയ്ക്ക് പണം പിരിച്ച് നല്‍കാന്‍ ആവശ്യപ്പെടുന്ന വാട്സാപ് സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. അതേ സമയം താന്‍ നിര്‍ബന്ധിച്ച് പിരിവ് നടത്തിയിട്ടില്ലെന്നും സഹായങ്ങള്‍ തേടുക മാത്രമാണ് ചെയ്തതെന്ന് മുരളീധരന്‍ പറയുന്നു. സര്‍ക്കാറും, കോര്‍പറേഷനും പണം നല്‍കാത്ത സാഹചര്യത്തില്‍ ഫ്ളാറ്റിലെ താമസക്കാരോട് ചെറിയ സഹായം അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും കൗൺസിലർ പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷനിലെ 41 ഡിവിഷനായ പാടിവട്ടത്തെ കൗണ്‍സിലറായ മുരളീധരന്‍ കമ്യൂണിറ്റി കിച്ചനിലേയ്ക്ക് എന്ന പേരില്‍ പണപിരിവ് നടത്തിയതായാണ് ആരോപണം പുറത്തുവന്നിരിക്കുന്നത്. ആലിന്‍ചുവിട്ടിലിലുള്ള ഹാള്‍ട്ടന്‍ ഹൈറ്റ്സ് എന്ന ഫ്ളാറ്റിലെ താമസക്കാരോട് കമ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനത്തിനായി പണം നല്‍കാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് മുരളീധരൻ അയച്ച വാട്സാപ്പ് സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. മുരളിധരന് പണം നല്‍കിയതായി ഫ്ളാറ്റിലെ ചില താമസക്കാരും പറയുന്നുണ്ട്. കമ്യൂണിറ്റി കിച്ചനുകളുടെ പ്രവര്‍ത്തനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ തനത് ഫണ്ട് വിനിയോഗിക്കണമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.