
കേൾവിത്തകരാറുള്ള വയോജനങ്ങളുടെ ജീവിതം വേവലാതികളുടേയും വിഷമങ്ങളുടേതുമാണ്. കുടുംബാംഗങ്ങളുടെ സംസാരം പോലും മനസിലാക്കാനാകാതെ ജീവിതം ദുരിതമയമാകുന്നു. ഈ അവസ്ഥ കാലക്രമത്തിൽ വിഷാദം, ഉത്കണ്ഠ, ഡിമെൻഷ്യ, വീഴ്ചകൾ എന്നിവയിലേക്കും നയിക്കും. ഇവിടെയാണ് ശ്രവണ സഹായി അത്ഭുതമാകുന്നത്. കേൾവിത്തകരാർ പരിഹരിക്കുന്നതിനൊപ്പം മേൽപ്പറഞ്ഞ ഭീഷണികൾക്കു നേരെ ശക്തമായ പ്രതിരോധം തീർക്കുന്നു ശ്രവണ സഹായി.
കേൾവിയുടെ ലോകം അന്യമാകുന്ന പ്രായമായവർ പതിയെ വിഷാദത്തിലേക്ക് വഴുതി വീഴുന്നത് സ്വാഭാവികമാണ്. പ്രിയപ്പെട്ടവരുടേത് ഉൾപ്പടെയുള്ള ശബ്ദങ്ങൾ അകന്നു പോകുമ്പോൾ ഉടലെടുക്കുന്ന അമിത ഉത്കണ്ഠയാണ് മറ്റൊരു വെല്ലുവിളി. കേൾവിത്തകരാറുള്ളവരിൽ മറവിരോഗമായ ഡിമെൻഷ്യയും കണ്ടു വരുന്നുണ്ട്. ശബ്ദം തിരിച്ചറിയാതെ പലയിടത്തും തടഞ്ഞു വീഴാറുണ്ട് വൃദ്ധർ. ഈ അവസ്ഥകളെല്ലാം പരിഹരിക്കുകയാണ് ശ്രവണ സഹായി ചെയ്യുന്നത്. ഓർക്കുക, വൃദ്ധരായ മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഗൗരവമുള്ള കേൾവിത്തരാറുണ്ടെങ്കിൽ അവരെ അവഗണിക്കരുത്. ശ്രവണ സഹായി ഉറപ്പാക്കുക.