pm-

ജറുസലേം : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകൾ എത്തിച്ചു നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അ‌ഞ്ച് ടൺ വരുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകൾ ഉൾപ്പെടെ ഉളള സാധനങ്ങളാണ് ഇസ്രയേലിലേക്ക് കയറ്റി അയച്ചത്.


കഴിഞ്ഞ ദിവസം ട്വീറ്റിലൂടെയാണ് നെതന്യാഹു ഇന്ത്യയോടുളള നന്ദി അറിയിച്ചത്. " കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മരുന്ന് അയച്ചു തന്നതിൽ എന്റെ പ്രിയ സുഹൃത്ത് മോദിക്ക് നന്ദി, ഇസ്രയേൽ ജനത മുഴുവൻ നന്ദി അറിയിക്കുന്നു" വെന്നും അദേഹം ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ നിന്നും ഇസ്രയേലിലേക്ക് മരുന്നുകൾ കയറ്റി അയച്ചത്. ലോക രാജ്യങ്ങൾ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകൾ കൊവിഡിന് എതിരെ ഫലപ്രദമാണെന്ന് വിശ്വസിക്കുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകളുടെ ഉൽപാദനത്തിലും വിതരണത്തിലും ഇന്ത്യയാണ് മുന്നിൽ. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾ കണക്കിലെടുത്ത് മരുന്ന് കയറ്റുമതി നിർത്തിവച്ചിരുക്കുകയായിരുന്നു. കൊവിഡ് രൂക്ഷമായതോടെ അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങൾ മരുന്നു നൽകാൻ ഇന്ത്യയോട് അഭ്യർത്ഥിച്ചു. ഇതിന് പിന്നെലെയാണ് ഇന്ത്യ അമേരിക്ക ബ്രസീൽ ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്തത്.

അതേസമയം ഇസ്രയേലിൽ 10000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 86 പേർ ഇതുവരെ മരണപ്പെടുകയും ചെയ്തു.