ksrtc

തിരുവനന്തപുരം: ലോക്ഡൗണില്‍ വരുമാനം നിലച്ചതോടെ കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി രൂക്ഷമായി. അടുത്ത മാസം ശമ്പളം വിതരണം ചെയ്യണമെങ്കില്‍ 85 കോടിയെങ്കിലും സര്‍ക്കാര്‍ സഹായം കിട്ടണം. കെ.എസ്.ആര്‍.ടി.സിയുടെ ഭാവി സംബന്ധിച്ച് ലോക്ഡൗണിനു ശേഷം ഗൗരവമായ ചര്‍ച്ചയുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണിനു മുമ്പ് തന്നെ സര്‍വ്വീസുകള്‍ പകുതിയിലേറെ വെട്ടിക്കുറച്ചിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സര്‍വ്വീസുകള്‍ പൂര്‍ണമായും നിലച്ചു. പ്രതിമാസം ശരാശരി 180 കോടി വരുമാനം കിട്ടിയിരുന്ന സ്ഥാനത്ത് മാര്‍ച്ച് മാസത്തില്‍ 99 കോടി മാത്രമായിരുന്നു വരുമാനം. സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ സഹായം നല്‍കിയതിനാല്‍ ശമ്പളം മുടങ്ങിയില്ല. പൊതുഗതാഗതം എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.

അടുത്ത മാസം ശമ്പളം നല്‍കണമെങ്കില്‍ 85 കോടിയെങ്കിലും വേണം. കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 1000 കോടി വകയിരുത്തിയിട്ടുണ്ട്. പക്ഷെ ഇതില്‍ 780 കോടിയും പെന്‍ഷന് വേണ്ടി നീക്കി വക്കേണ്ടി വരും. ഫലത്തില്‍ രണ്ടോ മൂന്നോ മാസത്തിനകം ശമ്പളത്തിനുള്ള സര്‍ക്കാര്‍ സഹായം നിലച്ചേക്കും. ലോക്ഡോണിനു ശേഷം വരാനിരിക്കുന്ന പ്രതിസന്ധിയെ എങ്ങിനെ മറികടക്കുമെന്നത് കെ.എസ്.ആര്‍.ടി.സിക്ക് വലിയ വെല്ലുവിളിയാവുകയാണ്.