terrorist-

ന്യൂയോർക്ക്: കൊവിഡ്-19 മഹാമാരി ലോകത്തിന് ഭീഷണിയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രോഗത്തെ ആയുധമായി ഭീകരര്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കൊവിഡ്-19 കാലത്ത് ഭീകരര്‍ക്ക് മുമ്പില്‍ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈറസ് ബാധിച്ചയാളില്‍ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരര്‍ ലോകമെമ്പാടും വലിയ രോഗപ്പകര്‍ച്ചയ്ക്ക് ഇടവരുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

കോവിഡ് -19 വിഷയം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതി അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കൂടിക്കാഴ്ച നടത്തുമ്പോഴാണ് അന്റോണിയോ ഗുട്ടെറസ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങളെ ഒരു തലമുറയുടെ പോരാട്ടമെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനില്‍പ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.