1. രാജ്യത്ത് കൊവിഡ് 19 രോഗ വ്യാപനം സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. രാജ്യത്ത് അതുവരെ രോഗം സ്ഥിരീകരിച്ച 40 ശതമാനം പേര്‍ക്കും എവിടെ നിന്നാണ് രോഗം ലഭിച്ചത് എന്നതില്‍ വ്യക്തമായ സൂചനയില്ല. ഒപ്പം ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന ആകെ 50ല്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു എന്നതും മറ്റൊരു വസ്തുത ആണ്. ഇതെല്ലാം ചേര്‍ത്താണ് രാജ്യം സമൂഹ വ്യാപനത്തിലേക്ക് കടന്നു എന്ന വിലയിരുത്തലില്‍ ഐ.സി.എം.ആര്‍ എത്തിയത്
2. അതിനിടെ, മുംബയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ നഴ്സുമാര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബയില്‍ മൂന്ന് ആശുപത്രികളിലായി രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി. നഴ്സുമാര്‍ക്ക് ഇടയില്‍ കൊവിഡ് പടരുന്നത് മഹാരാഷ്ട്രയുടെ ആരോഗ്യ മേഖലയെ കനത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. അതേസമയം, ഇന്ത്യയില്‍ മരണം ഏറെയും നഗരങ്ങളില്‍ ആണ്. മുംബയ്, ഇന്‍ഡോര്‍, പുണെ, എന്നീ നഗരങ്ങളിലാണ് മരണ നിരക്ക് കൂടുതലുള്ളത്. മുംബയില്‍ ഇതുവരെ 55പേര്‍ മരിച്ചു. ഇന്‍ഡോറില്‍ 23 പേര്‍ മരിച്ചു. ഇവിടെ രോഗികളുടെ എണ്ണം 235ആയി. പുണെയില്‍ 25പേരാണ് ഇതുവരെ മരിച്ചത്, ആകെ രോഗികളുടെ എണ്ണം 209ല്‍ എത്തി. രാജ്യത്ത് 12 മണിക്കൂറിനിടെ 30 പേരാണ് മരിച്ചത്
3. മധ്യപ്രദേശില്‍ രോഗംബാധിച്ച് ഡോക്ടര്‍ മരിച്ചു. ജാര്‍ഖണ്ഡില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 199 ആയി. മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും ഒരോ മരണം റിപ്പോര്‍ട്ട് ചെയ്തു. 6412 പേര്‍ക്കാണ് ഇതുവരെ രോഗംസ്ഥിരീകരിച്ചത്. കൊാവിഡ് വ്യാപന മേഖലകളിലും ഹോട്ട് സ്‌പോട്ടുകളിലും രോഗലക്ഷമുള്ള എല്ലാവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കി ഐ.സി.എം.ആര്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പനി, ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയുള്ളവരും സ്രവ പരിശോധനയ്ക്കു വിധേയരാകണം എന്നാണ് നിര്‍ദേശം. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം മധ്യപ്രദേശും രാജസ്ഥാനും, പഞ്ചാബും കര്‍ശനമാക്കി.
4. ഹോട്സ്‌പോട്ടുകള്‍ സീല്‍ ചെയ്യാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. 12 കോവിഡ് കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതോടെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ 9 സ്ഥലങ്ങള്‍ അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ മോശമായി പെരുമറിയാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. പി പി ഇ കിറ്റ്, വെന്റിലേറ്റര്‍, ഫേസ്മാസ്‌ക് തുടങ്ങി ആരോഗ്യ ഉപകരണങ്ങളുടെ ഇറക്കുമതി തീരുവയും ആരോഗ്യ സെസ്സും സെപ്തംബര്‍ 30 വരെ ഒഴിവാക്കി
5. സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ രാജി സമര്‍പ്പിച്ച കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തില്‍ ആണ് നടപടി. പ്രതിരോധ നടപടികളുടെ ഭാഗമാകും എന്നും ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് കൂടി പങ്കുവച്ചാണ് കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്. സര്‍വീസില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കണ്ണന്‍ രാജിസമര്‍പ്പിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ രാജി പരിഗണിച്ചിരുന്നില്ല. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കണ്ണന്‍ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
6. കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. എങ്കിലും അദ്ദേഹം ആശുപത്രിയില്‍ തുടരും. ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ ബോറിസ് ജോണ്‍സണെ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. സുഖം പ്രാപിക്കുന്നതിന്റെ ആദ്യ ഘട്ടമായതിനാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. ബോറിസ് ജോണ്‍സണെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയതില്‍ സന്തോഷം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
7. അതേസമയം ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 95,000 കടന്നു. 95,716 പേരാണ് ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണം 16 ലക്ഷം കടന്നു. 16,3648 രോഗികളാണ് ലോകത്ത് ആകെയുള്ളത്. മരണ സംഖ്യയില്‍ സ്‌പെയിനെ മറികടന്ന് അമേരിക്ക രണ്ടാമതെത്തി. അമേരിക്കയില്‍ 16,691 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 1819 പേരാണ്. 4,66,651 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണ സംഖ്യയില്‍ ഒന്നാമതുള്ള ഇറ്റലിയില്‍ 18,279 പേരാണ് മരിച്ചത്. സ്‌പെയിനില്‍ ആകെ മരണം 15,447 ആയി. ബ്രിട്ടനില്‍ 7,978 പേര്‍ മരിച്ചു, ബ്രിട്ടണില്‍ ലോക് ഡൗണ്‍ രണ്ടാഴ്ച്ച കൂടി നീട്ടാന്‍തീരുമാനവും ആയി, ഫ്രാന്‍സില്‍ 12,210 പേരും മരിച്ചു. ഫ്രാന്‍സിലും അതിവേഗമാണ് മരണസംഖ്യ കൂടുന്നത്
8. ഗള്‍ഫില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 10,500 കടന്നു. രണ്ട് മലയാളികളടക്കം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 71 പേരാണ്. ഒമാനില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നിലവില്‍ വരികയാണ്. അതേസമയം, യു.എ.ഇയില്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതനം വെട്ടി കുറയ്ക്കാനുള്ള നടപടി താല്‍ക്കാലികം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. സൗദിയില്‍ 3287 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 44 പേര്‍ മരിച്ചു. രണ്ട് മലയാളികളടക്കം 12 പേര്‍ മരിച്ച യു.എ.ഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 2,657 ആയി ഉയര്‍ന്നു. ഖത്തറില്‍ 2,376 പേര്‍ക്കും കുവൈത്ത് 910, ബഹറൈന്‍ 855, ഒമാന്‍ 457 എന്നിങ്ങനെയാണ് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം. വൈറസിന്റെ സമൂഹവ്യാപനത്തിലേക്ക് കടന്ന ഒമാനില്‍ ഇന്നു മുതല്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നിലവില്‍ വരും