ചെന്നൈ: സാമൂഹിക വ്യാപനത്തിലേക്കെന്ന സൂചന നൽകി തമിഴ്നാട്ടിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നു കഴിഞ്ഞ ദിവസം ഡോക്ടർ ഉൾപ്പടെ 96 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 834 ആയി. രോഗം സ്ഥിരീകരിച്ച 84പേരും നിസാമുദ്ദീനിൽ നിന്ന് വന്ന ഒരാളുമായി ബന്ധമുള്ളവരാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച നിസാമുദ്ദീനിൽ നിന്ന് എത്തിയവരും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് രോഗം ബാധിച്ചവരുടേയും എണ്ണം 763 ആയി ഉയർന്നു.
ചെന്നൈയിലും കോയമ്പത്തൂരിലുമാണ് കൂടുതൽ രോഗബാധിതർ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 27 പേരെ രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു. നിസാമുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്ത 1480 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ചെന്നൈയിൽ 163 കേസുകളും കോയമ്പത്തൂരിൽ 60 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള ആശുപത്രികളിൽ 59,918 പേർ വീടുകളിലും 213 സർക്കാർ ആശുപത്രികളിലായി 2,042 പേരും നിരീക്ഷണത്തിലാണ്. ഇതുവരെ 7,267 സാമ്പിളുകൾ പരിശോധിച്ചു. അതിൽ 485 എണ്ണത്തിന്റെ ഫലം വരാനുണ്ട്.
ചൈനയിൽ നിന്നും റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ സംസ്ഥാനത്ത് എത്തിയാൽ 30 മിനിറ്റുകൾ കൊണ്ട് രോഗം സ്ഥിരീകരിക്കാനാവും. രോഗം വൻതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഈ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും പോസിറ്റീവ് ആകുന്നവരെ പിസിആർ ടെസ്റ്റിന് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. വൈറസ് ബാധ വൻ തോതിൽ സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ 67 സ്ഥലങ്ങൾ അടച്ചുപൂട്ടി.
അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ 3500 വാഹനങ്ങൾ ഏർപ്പെടുത്തി. ഡോക്ടർമാർക്കും ടെക്നിക്കൽ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തൂത്തുക്കുടിയിലെ രണ്ട് ആശുപത്രികൾ അടയ്ക്കുകയും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം, വില്ലുപുരം സർക്കാർ ആശുപത്രിയിൽ നിന്ന് കാണാതായ കൊവിഡ് രോഗിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾ ചെന്നൈയിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ നീട്ടാനാണ് സാദ്ധ്യതയേറെയും.