medicine

കൊവിഡിന് പ്രത്യൗഷധമെന്ന നിലയിൽ ഇന്ന് ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഹൈഡ്രോക്സി ക്ളോറോക്വിൻ (എച്ച്.സി.ക്യു).അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇതിനെ ഒരു മാന്ത്രിക മരുന്ന് എന്ന് വിശേഷിപ്പിച്ചു. ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബൗസനാരൊ എച്ച്.സി. ക്യുവിനെ ഇന്ത്യൻ പുരാണത്തിലെ മൃതസഞ്ജീവിനിക്ക് തുല്യമായാണ് ഉപമിച്ചത്.

എച്ച്.സി. ക്യുവും അതിന്റെ അനുബന്ധ മരുന്നായ ക്ളോറോക്വിനും കാലാകാലങ്ങളായി മലേറിയയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. മലമ്പനിക്ക് പുറമേ ശാരീരിക പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട റ്യുമറ്റോയ്ഡ് ആർത്രൈറ്റിസ് (സന്ധിവാതം), ലൂപസ് പോലുള്ള രോഗങ്ങൾക്കും എച്ച്.സി. ക്യു ഉപയോഗിക്കുന്നതായി അനുമതിയുണ്ട്. ചെറിയ തോതിൽ എച്ച്.സി. ക്യു വൈറസുകൾക്കെതിരെ പ്രവർത്തിക്കുന്നതായും പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.എന്നാൽ കൊവിഡ് -19 നെ പ്രതിരോധിക്കുന്നതിനോ ഭേദമാക്കുന്നതിനോ ഉള്ള എച്ച്.സി.ക്യുവിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വേണ്ടത്ര ശാസ്ത്രീയ തെളിവുകൾ ഇനിയും ഉണ്ടാകാനിരിക്കുന്നതേയുള്ളു.

കൊവിഡ് 19 ന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിരവധി മരുന്നുകൾ പരീക്ഷിച്ചതിൽ എച്ച്.സി.ക്യുവും ഉൾപ്പെടുന്നു. വളരെ ചെറിയ എണ്ണം രോഗികളിൽ എച്ച്.സി. ക്യു വൈറസിനെ ശരീരത്തിൽ നിന്ന് മുക്തമാക്കുന്ന പ്രവൃത്തി ത്വരിതപ്പെടുത്തിയതായും രോഗതീവ്രതകുറച്ചതായും ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു.
അതുപോലെ ഫ്രാൻസിലെ കുറച്ച് കൊവിഡ് രോഗികളിൽ നടത്തിയ ഔഷധ ഗവേഷണങ്ങൾ എച്ച്.സി. ക്യു അസിത്രോമൈസിൻ എന്ന ആന്റിബയോടിക്കുമായി ചേർത്ത് അണുബാധ അകറ്റുകയും രോഗം ഭേദമാക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.എന്നാൽ പരിമിതമായ രോഗികളിൽ പരീക്ഷണാർത്ഥം നടത്തിയ ഇൗ തെളിവുകൊണ്ട് തന്നെ എച്ച്.സി. ക്യുവിനെ കൊവിഡ് 19 നെതിരെയുള്ള ഫലപ്രദമായ ചികിത്സയായി നിർദ്ദേശിക്കാൻ പര്യാപ്തമല്ല.

യു.എസ്. എഫ്.ഡി.എയും യൂറോപ്പിലെ തത്തുല്യമായ ഒൗഷധ നിയന്ത്രണ ഏജൻസിയായ ഇ.എം.എ.യും അത്യന്താപേക്ഷിത ഉപയോഗം (ഏജൻസി യൂസ് ഓഫ് ഓഥറൈസേഷൻ) മാത്രമേ ഇതുവരെ എച്ച്.സി. ക്യുവിന് നൽകിയിട്ടുള്ളു. മാത്രമല്ല, എച്ച്.സി. ക്യുവിന്റെ അനിയന്ത്രിത ഉപയോഗം കൊവിഡ് 19 രോഗികളിൽ രൂക്ഷമായ പാർശ്വഫലങ്ങളും മരണത്തിനുപോലും കാരണമായേക്കാമെന്നും ഏജൻസികളും വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നു.
പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന മരുന്നാണെങ്കിലും താരതമ്യേന ചെറിയ അളവിൽ പോലും എച്ച്.സി. ക്യു മാരകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികളിൽ. ഒരു ഗ്രാം മാത്രമാണ് ഒരു ദിവസത്തേക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എച്ച്.സി. ക്യു വിന്റെ അളവ്.ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), എച്ച്.സി. ക്യു വിന്റെ ഉപയോഗം രോഗലക്ഷണങ്ങൾ ഇല്ലാത്ത ആരോഗ്യപ്രവർത്തകർക്കും കൊവിഡ് 19 രോഗികളുമായി അടുത്തിടപഴകിയ വ്യക്തികൾക്കും ഒരു കരുതൽ പ്രതിരോധമായി നിർദ്ദേശിച്ചിട്ടുണ്ട്.എച്ച്.സി. ക്യു വിന്റെ ദുരുപയോഗം കുറയ്ക്കാനായി ഇന്ത്യ ഇതിനെ അടുത്തിടെ ഒരു പ്രിസ്ക്രിപ്ഷൻ മെഡിസിനായി (ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ലഭിക്കുന്ന) മാറ്റി.
കൊവിഡ് 19നെതിരെയുള്ള എച്ച്.സി. ക്യു വിന്റെ ഉപയോഗ ശേഷി മനസിലാക്കാൻ വലിയ തോതിലുള്ള പഠനങ്ങൾ നടന്നുവരുന്നതിയേയുള്ളൂ.

ലേഖകൻ ദ ഫ്യൂച്ചറിസ്റ്രിക് മെസിഡിൻ മാസികയുടെ എഡിറ്ററാണ്