ന്യൂയോർക്ക്: ലോകത്തേറ്റവും കൂടുതൽ കൊവിഡ് -19 കേസുകളുള്ള അമേരിക്കയിലെ ആകെ രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തോളമായി. ഇതിൽ മൂന്നിലൊന്നും ഉള്ള ന്യൂയോർക്ക് നഗരം രോഗബാധിതരുടെ എണ്ണത്തിൽ ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും മറികടന്നു. 1,62, 000ത്തിലേറെ കേസുകളാണ് ന്യൂയോർക്കിലുള്ളത്. സ്പെയിനിലും (1,53,000) ഇറ്റലിയിലും (1,43,000) വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും (82,000) റിപ്പോർട്ട് ചെയ്തതിനേക്കാൾ അധികം. കഴിഞ്ഞദിവസം 10,000 പുതിയ കേസുകളാണ് ന്യൂയോർക്കിൽ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 7000 കവിഞ്ഞു. ഇന്നലെ മാത്രം 779 മരണം.
മരണസംഖ്യ ഉയർന്നതോടെ ന്യൂയോർക്കിലെ 'ഹാർട്ട് ഐലൻഡിൽ വലിയ കുഴിമാടം ഒരുക്കി മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുകയാണ്.കൂട്ടമായി ശവപ്പെട്ടികൾ അടക്കം ചെയ്യുന്നതിന്റെ ഡ്രോൺ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏണി ഉപയോഗിച്ചാണ് ജോലിക്കാർ കുഴിമാടത്തിലേക്ക് ഇറങ്ങുന്നത്.
റെക്കാർഡ് മരണനിരക്ക്
അമേരിക്കയിൽ ദിവസവും റെക്കോർഡ് മരണമാണ്. ഇന്നലെ മാത്രം 1900പേർ മരിച്ചു. ആകെ മരണം 17,000ത്തോളം. ലോകത്ത് മരണസംഖ്യയിൽ അമേരിക്ക രണ്ടാമതാണ്. ഇറ്റലിയിലാണ് കൂടുതൽ മരണം. 18279. ഞായറാഴ്ചയോടെ പ്രതിദിന മരണസംഖ്യ ഏറ്റവും ഉയരത്തിലെത്തുമെന്നാണ് റിപ്പോർട്ട്.