ആത്മാഭിമാനത്തെ പടവാളാക്കാനും അവകാശ സമരങ്ങളുടെ പടക്കളത്തിൽ പോരിനിറങ്ങാനും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സജ്ജരാക്കിയ സംഘാടകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ടി വി ബാബു. പിന്നിട്ട കറുത്ത കാലഘട്ടത്തിൽ തന്റെ തലമുറ അനുഭവിച്ച അവഗണനയുടെ കയ്പുനീർ, ഇനിയൊരു തലമുറ കൂടി അനുഭവിക്കരുതെന്നു ചിന്തിക്കുകയും അതിനനുസരിച്ചു പ്രവർത്തിക്കുകയും ചെയ്ത മനുഷ്യസ്നേഹി.
ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിറവി മുതൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉയർച്ച മാത്രം ലക്ഷ്യംവച്ച് രാപകലില്ലാതെ ഒപ്പം പ്രവർത്തിച്ച ജ്യേഷ്ഠ സഹോദരന്റെ വേർപാട് നൽകുന്ന നൊമ്പരം വാക്കുകളിൽ ഒതുക്കാനാകുന്നില്ല. മഹാത്മാ അയ്യങ്കാളിക്കു ശേഷം അധഃസ്ഥിത വിഭാഗത്തെ സംഘടിപ്പിക്കാൻ വലിയ പങ്കുവഹിച്ച കേരള പുലയർ മഹാസഭയിലൂടെയാണ് (കെ.പി.എം.എസ്) ടി.വി. ബാബു പൊതുരംഗത്ത് സജീവമായത്.
പട്ടയഭൂമി സംരക്ഷണ സമിതിയുടെ ജനറൽ കൺവീനർ ആയി സമരമുഖത്തെത്തിയ അദ്ദേഹം അവകാശ സമരമുഖത്ത് അടിപതറാതെ നിന്ന് ധീരമായി ജനങ്ങളെ നയിച്ചു. സാമൂഹ്യ സമത്വ മുന്നണി എന്ന പേരിൽ പട്ടികജാതി സംഘടനകളുടെ ഏകോപനമുണ്ടാക്കി ശക്തിതെളിയിച്ചതിനു പിന്നിൽ ബാബുവിന്റെ സംഘാടക മികവ് ഉണ്ടായിരുന്നു. മതപരിവർത്തനം ചെയ്തവരെക്കൂടി പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ വലിയ പ്രക്ഷോഭം നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്തജന പ്രക്ഷോഭങ്ങളിലും ബാബു സജീവമായിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുകയും സി.പി.ഐ സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിട്ടുള്ള ബാബു, അതുപേക്ഷിച്ചാണ് ബി.ഡി.ജെ.എസ് രൂപീകരണത്തിൽ പങ്കാളിയായത്. കേരളത്തിലെ പിന്നാക്ക സമുദായക്കാരുടെ ഐക്യനിരയ്ക്ക് നേതൃപരമായ പങ്കു വഹിക്കേണ്ടണ്ട ചുമതല എസ്.എൻ.ഡി.പി യോഗത്തിനാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന പൊതു പ്രവർത്തകനാണ് ബാബു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിച്ച സമത്വ മുന്നേറ്റ ജാഥയിൽ ആദ്യവസാനം പങ്കെടുത്ത ബാബു ജാഥയുടെ സമാപനത്തിൽ ബി.ഡി.ജെ.എസ് രൂപീകരിച്ചപ്പോൾ സ്ഥാപക ജനറൽ സെക്രട്ടറിയായി. പാർട്ടി സ്ഥാനാർത്ഥിയായി ആദ്യം നാട്ടികയിൽ നിന്ന് നിയമസഭയിലേക്കും പിന്നീട് ആലത്തൂരിൽ നിന്ന് ലോക് സഭയിലേക്കും ജനവിധി തേടുകയും ചെയ്തു. ബാബുവിന്റെ വാഗ്മിത്വവും സംഘാടന മികവും ബി.ഡി.ജെ.എസിന്റെ ആശയങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഏറെ സഹായകമായി. സൗമ്യവും ദീപ്തവുമായിരുന്നു ആ നിറസാന്നിദ്ധ്യം.
കേരളത്തിൽ, അധ:സ്ഥിത ജനവിഭാഗങ്ങളെ സാമൂഹ്യമായി ശാക്തീകരിക്കുന്നതിൽ ടി.വി. ബാബിന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞത് കേരളത്തിലെ സാധാരണക്കാരനായ പൊതുപ്രവർത്തകനു ലഭിച്ച അംഗീകാരമായി കരുതാം. ടി.വി. ബാബുവിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുതിനൊപ്പം അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ സഹായവും നൽകാൻ ബി.ഡി.ജെ.എസ് പ്രവർത്തകർ ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയാണ്