ന്യൂയോർക്ക് : കൊവിഡിനെ തുടർന്ന് ആഗോളതലത്തിൽ ദാരിദ്ര്യം വർദ്ധിക്കുമെന്നും 50 കോടി ജനങ്ങൾ പൂർണ ദരിദ്രരാകുമെന്നും യു.എൻ റിപ്പോർട്ട്. 30 വർഷത്തിന് ശേഷം ആദ്യമായാകും ലോകം ഇത്തരമൊരു അവസ്ഥയിലേക്ക് വീഴുകയെന്നും യു.എൻ ഏജൻസി നടത്തിയ പഠനത്തിൽ പറയുന്നു.
നിലവിലെ ആരോഗ്യപ്രതിസന്ധിയെക്കാൾ കടുത്തതാകും സാമ്പത്തികമാന്ദ്യം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി പ്രതിനിധികളുടെയും ജി - 20 ധനകാര്യ മന്ത്രിമാരുടെയും സമ്മേളനത്തിന് മുന്നോടിയായാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ലണ്ടനിലെ കിങ്സ് കോളജിലെയും ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെയും വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരുന്നു പഠനം. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.