olympics

ടോക്കിയോ : കൊവിഡ് -19 വ്യാപനത്തെത്തുടർന്ന് 2021ലേക്ക് നീട്ടിയ ടോക്കിയോ ഒളിമ്പിക്സ് ആ സമയത്തും നടക്കുമെന്ന് ഉറപ്പൊന്നുമില്ലെന്ന് ടോക്കിയോ ഗെയിംസ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ തോഷിറോ മുട്ടോ. വൈറസ് ലോകത്തുനിന്ന് തുടച്ചുനീക്കപ്പെട്ടതിന് ശേഷമേ ഒളിമ്പിക്സിന്റെ കാര്യത്തിൽ എന്തെങ്കിലും ഉറപ്പുപറയാനാകൂ എന്നും ഇന്നലെ നടത്തിയ വാർത്താസമ്മേളത്തിൽ മുട്ടോ പറഞ്ഞു.

ജപ്പാനിൽ രോഗബാധ വീണ്ടും ശക്തമാകുന്നതിനിടെയാണ് ഗെയിംസ് സി.ഇ.ഒ വാർത്താസമ്മേളനം നടത്തിയത്. കഴിഞ്ഞ ദിവസം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൊവിഡിനെ പ്രതിരോധിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ കുറ്റപ്പടുത്തലിനിടെയാണ് പ്രധാനമന്ത്രി ഷിൻസോ ആബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

5000ത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തുകഴിഞ്ഞ ജപ്പാനിൽ മരണം നൂറ് കടന്നിട്ടുണ്ട്. പ്രായമേറിയവർ ഏറെയുള്ള രാജ്യമെന്ന നിലയിൽ ജപ്പാനിൽ മരണ നിരക്ക് ഉയരാനിടയുണ്ടെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

ഇൗ വർഷം ജൂലായ് 24 മുതൽ ആഗസ്റ്റ് ഒൻപതുവരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒളിമ്പിക്സ് മാറ്റിവയ്ക്കാൻ ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് താത്പര്യമുണ്ടായിരുന്നില്ല.

എന്നാൽ ഗെയിംസ് മാറ്റിയേ പറ്റൂവെന്ന് ആദ്യം അഭിപ്രായപ്പെട്ടവരിൽ ഒരാൾ തോഷിറോ മുട്ടോ ആയിരുന്നു.

നോട്ട് ദ പോയിന്റ്

ഗെയിംസ് അടുത്തകൊല്ലം നടത്താനുള്ള പരിശ്രമങ്ങൾ തുടരുകയാണെങ്കിലും അത് എത്രത്തോളം വിജയകരമാവുമെന്ന് ഇപ്പോൾ ഒരു പിടിയുമില്ല.

2021ലും നടത്താനിയില്ലെങ്കിൽ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് പദ്ധതികൾ ഒന്നും ആവിഷ്കരിച്ചിട്ടില്ല.

ഗെയിംസ് ഒരു വർഷത്തേക്ക് മാറ്റിയതുകൊണ്ടുണ്ടായ നഷ്ടം കണക്ക്കൂട്ടി വരികയാണ്.

ഇൗ നഷ്ടം ആര് നികത്തുമെന്നതിനെക്കുറിച്ച് ഇപ്പോൾ ഒരുപിടിയുമില്ല.

അടുത്തകൊല്ലം കൊറോണ വെെറസിനെ ലോകത്തുനിന്ന് തുടച്ചുനീക്കാനാകുമെന്നും ഒളിമ്പിക് നടത്താനാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം, അതിനായി പ്രവർത്തിക്കാം. പക്ഷേ അത് എത്ര കണ്ട് സാദ്ധ്യമാണെന്ന് ഇപ്പോൾ ഉറപ്പുപറയാൻ ആർക്കും സാധിക്കില്ല.

- തോഷിറോ മുട്ടോ