തൃശൂർ: ചാവക്കാട്ടെ പള്ളിയിൽ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പ്രാർത്ഥന നടത്തിയ സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. കടപ്പുറം മുനയ്ക്കക്കടവിലെ പള്ളിയിലാണ് പ്രാർത്ഥന നടന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇവിടെ പരിശോധന നടത്തുന്നതിനായി എത്തിയത്. തുടർന്ന് പള്ളിയിലെ ഇമാമായ ഹംസ മുസലിയാർ ഉൾപ്പെടെയുള്ള ആറ് പേർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ആറോളം പേരായിരുന്നു പള്ളിയിൽ പ്രാർത്ഥന നടത്താൻ എത്തിയത്.
പൊലീസ് പരിശോധന നടത്തുന്നതിനിടെ ഒരാൾ തലകറങ്ങി വീഴുകയും ഇയാളെ ചാവക്കാട്ടുള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മുൻപ് പ്രദേശത്തെ മറ്റൊരു പള്ളിയിലും ലോക്ക് ഡൗൺ ലംഘിച്ച് പരിശോധന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പള്ളിയിലെ ഖബർസ്ഥാനിൽ നടത്തിയ പ്രാർത്ഥനയ്ക്കിടെ പൊലീസ് പരിശോധന നടത്താൻ എത്തുകയും തുടർന്നുണ്ടായ സംഘർഷത്തിൽ സി.ഐയ്ക്കും ഗർഭിണിയായ ഒരു സ്ത്രീക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.