മുംബയ് : മറ്റ് രാജ്യങ്ങളിൽ കായിക താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെപ്പറ്റി ചർച്ചകളും തർക്കവും മുറുകുമ്പോൾ ഇൗ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ കരാറുള്ള കളിക്കാർക്ക് നൽകേണ്ട ശമ്പളം കൃത്യമായി അക്കൗണ്ടിലെത്തിച്ചിരിക്കുകയാണ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒഫ് ഇന്ത്യ.
ഇൗ വർഷമാദ്യം ന്യൂസിലാൻഡ് പര്യടനം നടത്തിയ സീനിയർ ടീമിനുള്ള മാച്ച് ഫീസും ദിനബത്ത അടക്കമുള്ള ആനുകൂല്യങ്ങളും നൽകിയ ബി.സി.സി.ഐ ഇതേ കാലയളവിൽ അവിടെ നടന്ന എ ടീം പരമ്പരയിൽ കളിച്ചവർക്കുള്ള ശമ്പളവും നൽകി. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർക്കാണ് തുക ലഭിച്ചത്. സഞ്ജു സീനിയർ ട്വന്റി -20 ടീമിലും എ ടീമിലും അംഗമായിരുന്നു.
ആഭ്യന്തര ടൂർണമെന്റുകളിലെ കളിക്കാർക്കുളള ശമ്പളം കുടിശികയുണ്ടെങ്കിൽ നൽകാൻ ബി.സി.സി.ഐ സംസ്ഥാന അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ്19 പ്രതിരോധപ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടിലേക്ക് ബി.സി.സി.ഐ 51 കോടി രൂപയാണ് നൽകിയത്. സംസ്ഥാന അസോസിയേഷനുകൾ മുഖ്യമന്ത്രിമാരുടെ നിധിയിലേക്കും സംഭാവനകൾ നൽകി.
മറ്റുള്ളിടത്തെല്ലാം സാലറികട്ട്
മറ്റെല്ലാ ക്രിക്കറ്റ് ബോർഡുകളും സാമ്പത്തിക പ്രതിസന്ധികാരണം കളിക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് കളിക്കാരുടെ കരാറുകൾ നീട്ടിയിരിക്കുകയാണ്.
ഇംഗ്ളണ്ട് ശമ്പളത്തിൽ 80 ശതമാനം വരെ കുറയ്ക്കാനാണ് ആലോചിക്കുന്നത്.
യൂറോപ്പിലെ ഫുട്ബാൾ ക്ളബുകളും ശമ്പളം വെട്ടിക്കുറയ്ക്കുകയാണ്.
ബാഴ്സലോണ 70 ശതമാനം ശമ്പളമാണ് വെട്ടിക്കുറച്ചത്.
യുവന്റസ്, റയൽ മാഡ്രിഡ് തുടങ്ങിയ വമ്പൻ ക്ളബുകളും ഇതേ പാതയിലാണ്.