തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കൊവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയത് 27 പേർ. സംസ്ഥാന സർക്കാരാണ് ആശ്വാസകരമായ ഈ വിവരം പുറത്തുവിട്ടത്. കാസർകോട്ട് നിന്നുമുള്ള 17 പേരുടെ രോഗമാണ് ഇന്ന് ഭേദമായിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലുള്ള ആറ് പേരുടേയും കോഴിക്കോട് ജില്ലയിലുള്ള രണ്ടു പേരുടേയും (ഒരാള്‍ കാസര്‍ഗോഡ്) എറണകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തര്‍ വീതവുമാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇവര്‍ വൈകാതെ ഡിസ്‍ചാര്‍ജായി വീട്ടിലേക്ക് മടങ്ങും. ദേശീയ/ലോക മാദ്ധ്യമങ്ങൾ കേരളത്തിന്റെ രോഗപ്രതിരോധ മാർഗങ്ങളെയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്ന ഒരവസരത്തിലാണ് സന്തോഷകരമായ ഈ വാർത്തയും പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ആകെ 124 പേരാണ് ഇതുവരെ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസർകോഡ് 3, മലപ്പുറം -2. കണ്ണൂർ-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 27പേർ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാനത്തെ ഇതുവരെ ആകെ 364 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 124 പേർ രോഗമുക്തി നേടി. നിലവിൽ 238 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.