ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 37 പേർ. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 206 ആയി. പുതുതായി 896 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്.
6761 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം ഇതുവരെയില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച ഐ.സി.എം.ആറിന്റെ പഠനവും ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും തള്ളിക്കളഞ്ഞു.
സാമൂഹിക വ്യാപനം ഉറപ്പിക്കുന്ന കേസുകൾ ഇതുവരെ ഇല്ലെന്ന് ആരോഗ്യമന്ത്രാലയവും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. ലോക്ക് ഡൗൺ തീരുന്ന പതിനാലിന് മുൻപ് രണ്ടരലക്ഷം പരിശോധന പൂർത്തിയാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കി.