nirmala-sitharaman

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഫെബ്രുവരിയിൽ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) 5.08 ശതമാനമായി വർദ്ധിച്ചു. 2019-20 സാമ്പത്തിക വർഷം ജി.ഡി.പിയുടെ 3.8 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുകയെന്ന കേന്ദ്ര ലക്ഷ്യത്തെ തട്ടിത്തകർത്താണ് ഈ കുതിപ്പ്. മാർച്ചിലും ധനക്കമ്മി കൂടാനാണ് സാദ്ധ്യതയെന്നതിനാൽ, ലക്ഷ്യം കാണാൻ കേന്ദ്രത്തിന് കഴിഞ്ഞേക്കില്ല.

കൊവിഡ്-19, ലോക്ക് ഡൗൺ എന്നിവമൂലം രാജ്യത്ത് സമ്പദ് ഇടപാടുകൾ നിലച്ച സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ, നികുതി വരുമാനത്തിൽ വർദ്ധന പ്രതീക്ഷിക്കേണ്ടതില്ല. ഇത്, ധനക്കമ്മി കൂടാനിടവരുത്തും. ഫെബ്രുവരിയിലെ കണക്കുപ്രകാരം 10.36 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. ഇത് 7.66 ലക്ഷം കോടി രൂപയിലേക്ക് (അതായത്, ജി.ഡി.പിയുടെ 3.8 ശതമാനം) നിയന്ത്രിക്കുമെന്നാണ് കഴിഞ്ഞ ബഡ്‌ജറ്ര് അവതരണ വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്.

ധനക്കമ്മി 3.5 ശതമാനത്തിൽ ഒതുങ്ങില്ലെന്ന് തിരിച്ചറിഞ്ഞാണ്, കഴിഞ്ഞ ബഡ്‌ജറ്റിൽ ലക്ഷ്യം 3.8 ശതമാനത്തിലേക്ക് ഉയർത്തിയത്. നിലവിലെ സ്ഥിതിയനുസരിച്ച്, ഇത് ജി.ഡി.പിയുടെ ആറു ശതമാനം വരെയായി ഉയരാനാണ് സാദ്ധ്യത.