hydroxy-chloroquine-

കൊവിഡ് ബാധിതരുമായി അടുത്തിടപഴകുന്ന ഡോക്ടർമാർ, നഴ്സുമാർ,പരിചരിക്കുന്ന മറ്റ് ആരോഗ്യ പ്രവർത്തകർ,നേരിട്ടിടപെടുന്ന മറ്റാരെങ്കിലുമുണ്ടെങ്കിൽ അവരും-ഇക്കൂട്ടർ മാത്രമാണ് മുൻ കരുതലെന്ന നിലയിൽ ഹൈഡ്രോക്സി ക്ളോറോക്വിൻ കഴിക്കേണ്ടത്. അതും ഡോക്ടർമാരുടെ ഉപദേശമനുസരിച്ചു മാത്രം.

ഇങ്ങനെയുള്ളവർ ആദ്യത്തെ ആഴ്ച (ഒരു ദിവസം മാത്രം)രാവിലെയും വൈകിട്ടും 400 എം.ജി വീതം കഴിക്കണം.അടുത്തയാഴ്ച (ഒരു ദിവസം മാത്രം) രാവിലെയും വൈകിട്ടും 200 എം.ജിയും കഴിക്കണം.വൈറസ് ശരീരത്തിലേക്ക് കയറുന്ന വഴി തടയുമെന്നതാണ് ഈ മരുന്നിന്റെ പ്രത്യേകത.അപ്പോൾ രോഗിയുമായി സമ്പർക്കമില്ലാത്തവർ കഴിക്കുന്നതിൽ കാര്യമില്ല.കൊവിഡ് രോഗികൾക്കും ഈ മരുന്ന് നൽകുന്നുണ്ട്.ഹൈഡ്രോക്സി ക്ളോറോക്വിനും അസിത്രാളുമാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് കൊവിഡ് രോഗികൾക്ക് ശുപാർശ ചെയ്തിട്ടുള്ളത്. അത് തുടർച്ചയായ ദിവസങ്ങളിലാണ് കഴിക്കേണ്ടത്.എന്നാൽ ഈ മരുന്ന് രോഗം തടയുമെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമുണ്ടായിട്ടില്ല.

പൊതുവെ പാർശ്വഫലങ്ങൾ കുറവാണെങ്കിലും മുൻകരുതലായി ഉപയോഗിക്കുന്നവർ ആദ്യത്തെ ഡോസ് കഴിക്കുന്നതിനു മുമ്പും കഴിച്ച് 24 മണിക്കൂർ കഴിയുമ്പോഴും ഒരു ഇ.സി.ജി എടുക്കുന്നത് നന്നായിരിക്കും.ഹൃദയ സംബന്ധമായ അസുഖമുള്ളവരും രക്തസമ്മർദ്ദമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.ഡോക്ടർ നിർദ്ദേശിക്കാതെ യാതൊരു കാരണവശാലും ഈ മരുന്ന് ഉപയോഗിക്കരുത്.

മലേറിയയ്ക്കും കരളിലെ അണുബാധയ്ക്കുമെല്ലാം വർഷങ്ങളായി നൽകി വരുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ളോറോക്വിൻ.

( രാജ്യം പദ്മശ്രീ നൽകി ആദരിച്ച കാർഡിയോളജിസ്റ്റാണ് ലേഖകൻ)