കോഴിക്കോട്: സംസ്ഥാനത്തെ അവശ ജനവിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണത്തെ സി.പി.എം രാഷ്ട്രീയവൽക്കരിച്ചുവെന്ന ആരോപണവുമായി യുവമോർച്ച. കിറ്റ് വിതരണത്തിന് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരുടെ മാത്രം സഹായം തേടാൻ തൃശൂർ സപ്ലൈ ഓഫീസർ ശ്രമിച്ചുവെന്നും ഈ നടപടി കൃത്യവിലോപമാണെന്നുമാണ് യുവമോർച്ച പറയുന്നത്. തങ്ങളുടെ പാർട്ടിക്കാർക്ക് മാത്രം സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള പാസുകൾ നൽകി തെരെഞ്ഞെടുപ്പ് മുന്നിൽക്കണ്ട് 'സി.പി.എം നടത്തുന്ന നെറികെട്ട രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണം' എന്നും യുവമോർച്ച ആവശ്യപ്പെടുന്നു.
'ഓൺലൈനിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷന് മുമ്പ് തന്നെ ഒന്നര ലക്ഷത്തോളം ഡി.വൈ.എഫ്.ഐക്കാരെ സർക്കാർ കുത്തിനിറച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തനത്തിന് തങ്ങളുടെ പാർട്ടിക്കാർ മതിയെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. ആയിരങ്ങൾക്ക് സൗജന്യ ഭക്ഷണം കൊടുത്തിരുന്ന യുവമോർച്ചയോട് പത്തനംതിട്ട ജില്ലയിൽ പദ്ധതി നിർത്തിവെക്കാൻ കലക്ടറെക്കൊണ്ട് നിർദേശം നൽകിച്ചിരിക്കുകയാണ്.' യുവമോർച്ച തങ്ങളുടെ പത്രക്കുറിപ്പിൽ പറയുന്നു.