modi

ന്യൂഡല്‍ഹി: ഗൾഫിലും കൊവിഡ് 19 രോഗത്തിന്റെ സാഹചര്യം രൂക്ഷമാകുന്ന വേളയിൽ ഗൾഫ് രാഷ്ട്രത്തലവൻമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികളായ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രി ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി, അബുദാബി കിരീടാവകാശി, ഖത്തര്‍ അമീർ, കുവൈറ്റ് പ്രധാനമന്ത്രി, ബഹ്‌റിന്‍ രാജാവ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.

ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രി മോദി ഉന്നയിച്ച പ്രധാന വിഷയം. അവിടത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പു വരുത്താന്‍ പ്രധാനമന്ത്രി ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് അഭ്യര്‍ത്ഥിച്ചു.

അതിൻപ്രകാരം, ഇന്ത്യന്‍ സമൂഹത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ഗള്‍ഫ് രാഷ്ട്രത്തലവന്മാര്‍ ഉറപ്പു കൊടുത്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു.എ.ഇയിലെയും ഇറാനിലെയും അംബാസിഡര്‍മാരുമായും പ്രധാനമന്ത്രി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഗള്‍ഫിലെ വിദേശ ഇന്ത്യക്കാരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.