വാഷിംഗ്ടൺ ∙ ലോകത്തെങ്ങും മരണം വിതയ്ക്കുന്ന കൊവിഡ് വൈറസിനെതിരെ പല രാജ്യങ്ങളും വാക്സിൻ കണ്ടുപിടിക്കാനുള്ള പരീക്ഷണത്തിലാണ്. ബ്രിട്ടൻ, ആസ്ട്രേലിയ, റഷ്യ തുടങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണ്. കൊറോണ വൈറസിനെതിരെ അമേരിക്കയിലും വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. പരീക്ഷണഘട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ കൊവിഡ് വാക്സിൻ ആണിത്. പെൻസിൽവാനിയയിലെ ഇനോവിയോ ഫാർമസ്യൂട്ടിക്കൽസാണ് പുതിയ വാക്സിന്റെ പരീക്ഷണത്തിന് പിന്നിൽ. മൃഗങ്ങളിലെ പരീക്ഷണം വിജയം കണ്ടതിന് പിന്നാലെയാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി..എ) മനുഷ്യശരീരത്തിൽ പരീക്ഷിക്കുന്നതിന് വാക്സിന് അനുമതി നൽകിയത്.
ഐ.എൻ.ഒ – 4800 (INO-4800) എന്നു പേരിട്ടിരിക്കുന്ന സിന്തറ്റിക് ഡി.എൻ.എ വാക്സിന്റെ രണ്ടു ഡോസ് വീതം കൻസാസ് സിറ്റി റിസർച്ച് ലാബിലെ 40 ആരോഗ്യ പ്രവർത്തകരിലാണ് ആദ്യം പരീക്ഷിക്കുക. കൊവിഡിനു കാരണമാകുന്ന സാർസ് കോവ് 2ന്‍റെ ജനിതകഘടനകളെക്കുറിച്ചു ചൈന നടത്തിയ പഠനങ്ങളാണ് കൊവിഡ് വാക്സിൻ പ്രവർത്തനങ്ങൾക്കും വേഗം നൽകിയത്. അതുകൊണ്ടുതന്നെ ചൈനീസ് ഗവേഷകരുമായി ചേർന്നു പരീക്ഷണം ചൈനയിലേക്കു വ്യാപിപ്പിക്കാനും ഇനോവിയോ ശ്രമിക്കുന്നുണ്ട്.
പ്രത്യേകം തയാറാക്കിയ ഒരു ജനിതകഘടന അടങ്ങിയ ദ്രാവകം രോഗിയിൽ കുത്തിവച്ചു ശരീരത്തിലെ കോശങ്ങൾക്ക് കൊവിഡ് രോഗമുണ്ടാക്കുന്ന വൈറസിനെതിരെ ആന്റിബോഡി നിർമിക്കുന്ന രീതിയിലാണ് ഐഎൻഒ–4800 വാക്സിന്റെ പ്രവർത്തനം. കൃത്രിമ ഡി.എൻ.എ കുത്തിവച്ച ശേഷം ആ ഭാഗത്തു വളരെ ചെറിയ തോതിൽ ഇലക്ട്രിക്കൽ ഷോക്കും (Electrical Zap) നൽകേണ്ടതുണ്ട്. ഇലക്ട്രിക് ഷോക്ക് വഴിയുണ്ടാകുന്ന പൾസാണ് ഇവിടെ വാക്സിനെ എളുപ്പം അകത്തെത്തി പെട്ടെന്നു പ്രവർത്തിക്കാൻ സഹായകമാകുക..