തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലും പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് ജോലി ചെയ്യുന്ന പത്രജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനും, ലോക്ക് ഡൗൺ കാരണം കനത്ത സാമ്പത്തിക നഷ്‌ടം നേരിടുന്ന പത്രവ്യവസായത്തിന് താങ്ങാകുന്ന നടപടികൾ കൈക്കൊള്ളാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ന്യൂസ് പേപ്പർ എംപ്ളോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു.
അച്ചടിക്കടലാസിന്റെ ലഭ്യതക്കുറവിനും പരസ്യ വരുമാനത്തിലുണ്ടായ കുറവിനും പുറമെ, പത്രവിതരണത്തിനുള്ള തടസ്സങ്ങളും വ്യാജപ്രചാരണങ്ങളെ തുടർന്ന് കോപ്പികളിലുണ്ടായ ഇടിവും ചേർന്ന് പത്രരംഗം ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. പല സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായാണ് ലഭിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതു പോലും മുടങ്ങുമോ എന്ന ആശങ്കയുമുണ്ട്.
പത്രങ്ങളെ അവശ്യസർവീസ് ആയി പ്രഖ്യാപിച്ച സർക്കാർ, സത്യസന്ധമായ വാർത്തകൾ ജനങ്ങളിലെത്തിക്കാൻ അക്ഷീണം യത്നിക്കുന്ന പത്രജീവനക്കാർക്ക് പൊലീസിനും ആരോഗ്യപ്രവർത്തകർക്കും ഏർപ്പെടുത്തിയ മാതൃകയിൽ ക്ഷേമ, ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന് കെ.എൻ.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മോഹനൻ, പ്രസിഡന്റ് എം.സി. ശിവകുമാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
പല വിധത്തിൽ സാമ്പത്തിക നഷ്‌ടത്തിലായ പത്രസ്ഥാപനങ്ങൾക്ക് അധികഭാരം വരുത്തുന്നതാണ് ഭീമമായ വൈദ്യുതി ചെലവ്. അവശ്യ സേവനമേഖല എന്ന നിലയിൽ പത്രസ്ഥാപനങ്ങൾക്ക് വൈദ്യുതി ചാർജിൽ നിശ്ചിത കാലയളവിലേക്ക് ഇളവ് അനുവദിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.