ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 രോഗം രൂക്ഷമാകുന്ന സാഹചര്യത്തിലും രാജ്യത്തിനായി പോരാടി ഇന്ത്യൻ സൈന്യം. ഏതാനും ദിവസം മുൻപ് ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സസ് സൈനികർ ജമ്മു കാശ്മീരിലെ കുപ്‍വാരയിൽ വച്ച് പാകിസ്ഥാൻ ഭീകരരോട് പോരാടി മരണം വരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബൊഫോഴ്‌സ് തോക്ക് ഉപയോഗിച്ച് കുപ്‌വാരയുടെ പ്രവിശ്യയിൽ തന്നെയുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ആയുധ ശേഖരം ഇന്ത്യൻ സൈന്യം ഇപ്പോൾ തകർത്തിരിക്കുന്നത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാന്റെ ആയുധശേഖരം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് മേൽ ഒന്നിലധികം സ്‌ഫോടനങ്ങൾ നടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പാകിസ്ഥാനി ഭീകരരുടെ ലോഞ്ച് പാഡുകൾ, മറ്റ് ആയുധങ്ങൾ എന്നിവയിലും തങ്ങൾ ആക്രമണം നടത്തിയിട്ടുണ്ടെന്നും ഇന്ത്യൻ സേന അറിയിച്ചു.
പാകിസ്ഥാൻ അടുത്തിടെ പ്രകോപനമിലാതെ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ജമ്മു കാശ്മീരിലെ കുപ്‌വാരയിലെ ഖേരൻ പ്രവിശ്യയിലുള്ള നിയന്ത്രണ രേഖയിൽ ഭീകരരുമായി നടന്ന 'ഹാൻഡ് ടു ഹാൻഡ്(നേരിട്ടുള്ള സംഘട്ടനം)' പോരാട്ടത്തിൽ ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സസ് സൈനികർ വിജയം നേടിയിരുന്നു.
എന്നാൽ ഭീകരർ കൊല്ലപ്പെട്ടുവെങ്കിലും ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റിരുന്ന ഇവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ട് സൈനികർ സംഭവസ്ഥലത്ത് വച്ചും ബാക്കിയുള്ളവർ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. സുബേദാർ സഞ്ജീവ് കുമാർ, ഹവിൽദാർ ദാവേന്ദ്ര സിംഗ്, പാരാട്രൂപ്പർമാരായ ബാൽ കൃഷ്ണൻ, അമിത് കുമാർ, ഛത്രപാൽ സിംഗ് എന്നിവരാണ് രാജ്യത്തിനായി പോരാടി വീരസ്വർഗം പുൽകിയത്.