modi

ന്യൂ‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് വിവരം. കൊവിഡ് 19 രോഗത്തിനെതിരെയുള്ള പ്രതിരോധങ്ങളുടെ ഭാഗമായി രാജ്യമാകമാനം പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്. ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് നാളെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇളവുകൾ അകപ്പെടുത്തി ലോക്ക്ഡൗണ്‍ നീട്ടാനാണ് സാദ്ധ്യതയെന്നും ദേശീയമാദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച്, ഇളവുകള്‍ നല്‍കി അവശ്യ മേഖലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാത്ത അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിച്ചേക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടേക്കും. വ്യോമയാന മേഖല കടുത്ത നിയന്ത്രണത്തോടെ പുനരാരംഭിച്ചേക്കും. ഒരു സീറ്റ് ഇടവിട്ടായിരിക്കും ക്രമീകരണം നടത്തുക.

ലോക്ക്ഡൗണ്‍ പൂര്‍ണമായി മാറ്റാനാകില്ലെന്ന് പാര്‍ട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി സൂചന നൽകിയിരുന്നു. ലോക്ക്ഡൗണിന് ശേഷം വലിയ രീതിയില്‍ ജനങ്ങളുടെ പെരുമാറ്റത്തിലും അവരിൽ വ്യക്തിപരമായും മാറ്റങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ​ദിവസം പറഞ്ഞിരുന്നു. മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കൊവിഡ് രോഗ വ്യാപനത്തിന്റെ തോത് കുറച്ചെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമായെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്.