covid-death

ന്യൂയോർക്ക്: ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. മരണസംഖ്യ 1,02,667 ആയി. രോഗികളുടെ എണ്ണം പതിനേഴ് ലക്ഷത്തോളമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. അഞ്ച് ലക്ഷത്തോളം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസിൽ 2108 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 18,586 ആയി ഉയർന്നു. ന്യൂയോർക്കിൽ മാത്രം ഏഴായിരത്തിൽ കൂടുതലാളുകൾ മരണപ്പെട്ടു.

ഇറ്റലി,സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇറ്റലിയിൽ കഴിഞ്ഞ ദിവസം 534 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 18,849 ആയി. ഫ്രാൻസിൽ 13,197 പേരും സ്‌പെയിനിൽ 16,081പേരും കൊവിഡ് ബാധിച്ച് മരിച്ചു.

അതേസമയം, കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ മലേറിയ മരുന്ന് അമേരിക്ക പരീക്ഷിച്ച് തുടങ്ങിയതായി റിപ്പോർട്ടുണ്ട്. ടെന്നീസിലെ നാഷ് വില്ലയിലുള്ള വൻഡർ ബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ രോഗിയിലാണ് ആദ്യ പരീക്ഷണം. എത്ര മാത്രം മരുന്ന് ഫലപ്രദമാണെന്ന് പരീക്ഷിക്കുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് അറിയിച്ചു.