shijina-

തിരുവനന്തപുരം: ലോക്ക്ഡൗണിൽ കുരുങ്ങി അവധിക്കാലം വീടിനകത്ത് ഒതുക്കേണ്ടിവന്ന കുട്ടികൾക്കും വീട്ടമ്മമാർക്കുമായി ഓൺലൈനിലൂടെ ബലൂൺ ആർട്ട് പരിശീലനം നൽകുകയാണ് ബലൂൺ ആർട്ടിസ്റ്റ് ഷിജിന പ്രീത്ത്. ഇന്റർനെറ്റ് കണക്ഷനും സ്മാർട്ട് ഫോണുമുള്ള ആർക്കും ചുരുങ്ങിയ ചെലവിൽ വീടിനുള്ളിലിരുന്ന് ഒരാഴ്ച നീളുന്ന പരിശീലനത്തിലൂടെ ബലൂൺ ആർട്ടിന്റെ പ്രാഥമിക പാഠങ്ങൾ പഠിക്കാം.

shijina-

ലോക്ക്‌ഡൗൺ കാലത്ത് പല നീളത്തിലും വലിപ്പത്തിലുമുള്ള വർണ ബലൂണുകൾ കിട്ടാൻ പ്രയാസമുള്ളതിനാൽ കടകളിൽ സുലഭമായി ലഭിക്കുന്ന സാധാരണ ബലൂണുകൾ ഉപയോഗിച്ചുള്ള പാഠങ്ങളാണ് ഉൾപ്പെടുത്തുന്നത്. മിക്കി മൗസ് അടക്കം കുട്ടികൾക്ക് പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും ബലൂൺ ഫ്ലവർ, ബലൂൺ ഐസ്ക്രീം, മൃഗങ്ങൾ തുടങ്ങിയ രൂപങ്ങളും എളുപ്പത്തിൽ ഉണ്ടാക്കാൻ ഈ പരിശീലനത്തിലൂടെ സാധിക്കും. ഒരാഴ്ചത്തെ ക്ലാസിന്‌ 200 രൂപയാണ് ഫീസ്. പ്രാഥമിക പരിശീലനത്തിനുശേഷം അഡ്വാൻസ്ഡ് ആയ പാഠങ്ങൾ ഓൺലൈനായിത്തന്നെ പഠിപ്പിക്കാനും പദ്ധതിയുണ്ട്. കൊവിഡ് 19 വ്യാപനം തടയാനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് ഷിജിന സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ബലൂൺ ആർട്ട് വീഡിയോകൾ ശ്രദ്ധേയമായിരുന്നു.

shijina-

പ്രേരണ ഒന്നാം ക്ലാസുകാരി മകൾ

ഒന്നാം ക്ലാസുകാരിയായ മകൾ ലോക്ക്ഡൗണിൽ വീട്ടിലിരുന്നു ശ്വാസംമുട്ടുന്നതു കണ്ടപ്പോഴാണ് കുട്ടികൾക്കുവേണ്ടി എന്തെങ്കിലും ചെയ്താലോ എന്ന് തോന്നിയത്. വിദേശ മലയാളികളടക്കമുള്ള ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി. കുട്ടികളുടെയും അമ്മമാരുടെയും സമയം ക്രിയാത്മകമാക്കാനും മാനസികമായ ഉണർവ് നൽകാനും ബലൂൺ ആർട്ട് പരിശീലനം കൊണ്ട് കഴിയുമെന്നാണ് ഷിജിന പറയുന്നത്. മെന്റലിസ്റ്റായ ഭർത്താവ് പ്രീത്ത് അഴീക്കോടും മകൾ ജ്വാലയും പിന്തുണയുമായി ഷിജിനയ്ക്കൊപ്പമുണ്ട്.

ഫോൺ:9895794432, 9061960850